ന്യൂദല്‍ഹി: നോവലിസ്റ്റ് വെങ്കിടേശിന്റെ കാവല്‍ കൊട്ടം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന കോളിവുഡ് ചിത്രമാണ് അറവാന്‍‍. ആദി, ധന്‍സിക, അര്‍ച്ചന കവി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കോളിവുഡ് നോക്കികാണുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രവുമായി കബീര്‍ ബേദിയും ചിത്രത്തിലുണ്ട്. ഗായകന്‍ കാര്‍ത്തിയുടെ സംഗീതസംവിധായകനായുള്ള അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയാണ്.

300 വര്‍ഷം മുമ്പുള്ള മധുരയുടെ കഥ പറയുന്ന ചിത്രത്തിനുവേണ്ടി പഴയ മധുരയെ  പുനസൃഷ്ടിക്കുന്നുണ്ട്. അന്നത്തെ കാലത്തെ ജനങ്ങള്‍ ഉപയോഗിച്ച ഭാഷയും വസ്ത്രരീതിയും ഈ ചിത്രത്തില്‍ ഉപയോഗിക്കും.

‘300 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മധുരയെക്കുറിച്ച് പറയുന്ന പുസ്തകം വായിച്ച രാത്രിതന്നെ ഈ സിനിമയെന്ന ആശയം എന്റെ മനസില്‍ വന്നതാണ്. 4,500ഓളം പേജുള്ള വലിയ പുസ്തകമാണത്. അതിന്റെ ചെറിയൊരു ഭാഗത്തുള്ള സംഭവങ്ങള്‍ വികസിപ്പിച്ചാണ് പുതിയ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.’ സംവിധായകന്‍ വസന്തബാലന്‍ പറയുന്നു.

തന്റെ പുതിയ ചിത്രത്തിലെ വസ്ത്രരീതിയെക്കുറിച്ച് നായിക ധന്‍സിക പറയുന്നതിങ്ങനെ, ‘ എന്റെ വസ്ത്രങ്ങളെക്കുറിച്ച് ആദ്യം എനിക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ കഥാപാത്രമാകാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് മനസിലായി ഞാന്‍ പ്രതീക്ഷിച്ച വേഷം ഇതായിരുന്നു. ഈ ചിത്രത്തിലൊരിടത്തുപോലും മേക്കപ്പ് ഉപയോഗിക്കരുതെന്നാണ് എന്നോട് പറഞ്ഞത്.’

മിറുഗം, ഈറാം എന്നീ ചിത്രങ്ങളിലെ ആദിയുടെ പ്രകടനമാണ് നായകനായ വൈരപുലിയെ അവതരിപ്പിക്കാന്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് വസന്തബാലന്‍ പറയുന്നു. മറ്റ് രണ്ട് ചിത്രങ്ങളിലെയും പോലെ തനിക്ക് ലഭിച്ച കഥാപാത്രത്തെ മികച്ചതാക്കാനുള്ള ശ്രമവും ആദി നടത്തിയിട്ടുണ്ട്. ഇതിനായി മൂന്ന് മാസംകൊണ്ട് എയ്റ്റ് പായ്ക്ക് മസില്‍ ഉണ്ടാക്കിയെടുത്തു.

മോളിവുഡ്താരം അര്‍ച്ചനാ കവി ഏറെ വ്യത്യസ്തവും ശക്തവുമായ നായികകഥാപാത്രത്തെയാണ് അറവാനില്‍ അവതരിപ്പിക്കുന്നത്.

Malayalam news

Kerala news in English