കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ് കര്‍ഷക സംഘടനകള്‍ കുമളിയിലേക്ക് മാര്‍ച്ച് ചെയ്യുന്നുവെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ചെക്ക് പോസ്റ്റ് അടക്കുകയും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഗൂഡല്ലൂരും കേരള അതിര്‍ത്തിയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ സുരക്ഷിത പാതയിലൂടെ തിരിച്ചുവിടാനാണ് തീരുമാനം.

ഐ.ജി ആര്‍. ശ്രീലേഖ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കുമളി ചെക്‌പോസ്റ്റിലും മറ്റ് അതിര്‍ത്തി മേഖലകളിലും ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐ.ജി പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്ന് കൂടുതല്‍ പോലിസിനെയും തൃശൂരില്‍ നിന്ന് മൂന്ന് പ്ലാറ്റുണ്‍ പൊലീസിനെയും അധികമായി വരുത്തിയിട്ടുണ്ടെന്നും ഐ.ജി ആര്‍. ശ്രീലേഖ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ച് തമിഴ്‌നാട്ടില്‍നിന്ന് പ്രതിഷേധക്കാര്‍ കേരളത്തിലേക്ക് നുഴഞ്ഞു കയറുന്നുണ്ട്. ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ സംഘര്‍ഷമുണ്ടായ കുമളി റോസാപ്പൂക്കണ്ടത്ത് ഐ.ജി സന്ദര്‍ശനം നടത്തി.

Malayalam News
Kerala News in English