Categories

Headlines

മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍ ; ടാള്‍ട്രീസ് റിസോര്‍ട്ടിന് നോട്ടീസ്

മൂന്നാര്‍: സി പി ഐ എമ്മിന്റെയും മറ്റ് പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍ക്കാര്‍ വീണ്ടും മൂന്നാര്‍ ഒഴിപ്പിക്കലിനൊരുങ്ങുന്നു. ചിന്നക്കനാലില്‍ ഭൂമി കയ്യേറിയ ടാള്‍ട്രീസ് റിസോര്‍ട്ട് അധികൃതര്‍ക്ക് ഇടുക്കി ജില്ലാ കലക്ടര്‍ ബുധനാഴ്ച നോട്ടീസ് നല്‍കി. സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്ഥലത്താണ് റിസോര്‍ട്ട് നിലനില്‍ക്കുന്നതെന്നും 48 മണിക്കൂറിനകം ഒഴിഞ്ഞില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുമെന്നും കാണിച്ചാണ് കലക്ടര്‍ അശോക് കുമാര്‍ സിങ് നോട്ടീസ് നല്‍കിയത്.

പേള്‍ റിസോര്‍ട്ട് എന്നപേരിലാണ് ടോള്‍ട്രീസ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഇത് നിലനില്‍ക്കുന്ന പള്ളിവാസല്‍ വില്ലേജിലെ 5/40 നമ്പറിലുള്ള പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇവിടെ 11 ഏക്കറോളം സ്ഥലം റിസോര്‍ട്ട് കയ്യേറിയെന്ന്് കലക്ടര്‍ നേരത്തേ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതെ തുടര്‍ന്ന് റവന്യൂ കമ്മീഷണര്‍ പട്ടയം റദ്ദാക്കിയിരുന്നു.

സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ കയ്യറ്റക്കാരുടെ പട്ടിക അനുസരിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം. കണ്ണന്‍ ദേവന്‍ ഹില്‍സിനും ചിന്നക്കനാലില്‍ ടാറ്റ കൈവശപ്പെടുത്തിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഏഴോളം റിസോര്‍ട്ടുകള്‍ക്കും വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും.

സിപിഎം നേതാവ് വി എക്‌സ് ആല്‍ബിന്‍, സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ സഹോദരന്‍ ലംബോധരന്‍ എന്നിവരടക്കമുള്ളവരുടെ പട്ടികയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നത്. ടാറ്റയാണ് ഏറ്റവും വലിയ കയ്യേറ്റക്കാരനെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.