ഇസ്‌ലാമാബാദ്: അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും സന്ദര്‍ശനങ്ങളും പാകിസ്ഥാന്‍ നിര്‍ത്തിവെക്കുന്നതായി പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവകരമാണെന്നും ആസിഫ് ഖ്വാജ പാക് സെനറ്റില്‍ പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് അമേരിക്കന്‍ സന്ദര്‍ശനം ഖ്വാജ മുഹമ്മദ് ആസിഫ് മാറ്റിവെച്ചിരുന്നു. യു.എസ് നയതന്ത്ര പ്രതിനിധികള്‍ രാജ്യത്തേക്ക് വരുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


Read more:  ‘മാരിറ്റല്‍ റേപ്പ്’ ക്രിമനല്‍വത്കരിച്ചാല്‍ വിവാഹബന്ധത്തെ ബാധിക്കും: കേന്ദ്രസര്‍ക്കാര്‍


കമാന്‍ഡര്‍ ഇന്‍ ചീഫായി അധികാരമേറ്റ ശേഷം നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് മണ്ണൊരുക്കുന്നതായി ട്രംപ് ആരോപിച്ചിരുന്നു. അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയ തീവ്രവാദിസംഘടനകള്‍ പാകിസ്ഥാനില്‍ സജീവമാണെന്നും തീവ്രവാദത്തിന്റെ ഇരകളായിട്ട് പോലും പാകിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ അഫ്ഗാന്‍ നയത്തെ പാകിസ്ഥാന്‍ പിന്തുണച്ചില്ലെങ്കില്‍ വില നല്‍കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു.