സിയൂള്‍:സംസാരിച്ചുകൊണ്ടിരിക്കെ ഫോണിലെ ചാര്‍ജ് തീരാതിരിക്കുവാന്‍ പുതിയ സംവിധാനം. ദക്ഷിണകൊറിയയിലെ സിയൂള്‍ സര്‍വകലാശാലയിലെ ഡോ.സാംഗ് വൂ കിമ്മിന്റെ നേതൃത്വത്തിലുള്ള നാനോ സാങ്കേതികവിഭാഗം ശാസ്ത്രജ്ഞരാണ് ഈ നിര്‍ണായക കണ്ടുപിടിത്തത്തിനൊരുങ്ങുന്നത്.

സംസാരം, ഗാനാലാപനം അതുമല്ലെങ്കില്‍ മറ്റു ശബ്ദങ്ങള്‍ തുടങ്ങിയ ശബ്‌ദോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുകയാണ് ലക്ഷ്യം. ശബ്‌ദോര്‍ജത്തെ മൊബൈല്‍ഫോണ്‍ പോലുള്ള ഉപകരണങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വാഹനം പോകുമ്പോഴുള്ള ശബ്ദം വഴിയരികിലെ ഭിത്തിയില്‍ പ്രതിഫലിക്കുമ്പോള്‍ പോലും അതില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

രണ്ട് വൈദ്യുത ചാലകങ്ങള്‍ക്കിടയില്‍ സിങ്ക് ഓക്‌സൈഡിന്റെ നേര്‍ത്ത നൂലുകളാണ് ഈ സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്നത്.

പുറമെ നിന്നുള്ള ശബ്ദം സിങ്ക് നൂലുകളില്‍ തട്ടുമ്പോള്‍ അത് പ്രകമ്പനം കൊള്ളുകയും ചാലകങ്ങളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതലത്തില്‍ ഇടിക്കുകയും ചെയ്യുന്നു. ഇത് ഇടവിട്ട് സംഭവിക്കുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു ചെറിയ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഈ വൈദ്യുതി ധാരാളം മതിയാകും.
നൂറു ഡെസിബെല്‍ വരുന്ന ശബ്ദത്തില്‍ നിന്നു 50 മില്ലി വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.

സിങ്കിനേക്കാള്‍ മികച്ച മറ്റൊരു വസ്തു ലഭിക്കുകയാണെങ്കില്‍ വളരെ കുറഞ്ഞ ശബ്ദത്തില്‍ നിന്നുപോലും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.