വാഷിംഗ്ടണ്‍: യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇറാന്‍ പ്രശ്‌നത്തിന് പരിഹാരമാവില്ലെന്ന് ഇന്ത്യയുടെ യു.എസ് അംബാസിഡര്‍ നിരുപമാറാവു. ഇറാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സമാധാനപരമായ പരിഹാരമാണ് കാണേണ്ടതെന്നും അവര്‍ വ്യക്തമാക്കി.

‘ യുദ്ധത്തെക്കുറിച്ചുള്ള സംസാരം ഇറാന്‍ പ്രശ്‌നം പരിഹരിക്കില്ല. അത് ആഗോളതലത്തിലുള്ള സമാധാനത്തിന് കോട്ടംവരുത്തുകയേ ഉള്ളൂ.’ 21ാം നൂറ്റാണ്ടില്‍ ലോകത്തെ മാറ്റിമറിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് എന്ന വിഷയത്തില്‍ ബോസ്റ്റണില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയുടെ അടുത്തുള്ള രാജ്യമായതുകൊണ്ട് അവിടെയുണ്ടാവുന്ന യുദ്ധം രാജ്യത്തെയും ബാധിക്കുമെന്നും നിരുപമ റാവു അഭിപ്രായപ്പെട്ടു. ഇറാനില്‍ നിന്നും ഇന്ത്യ ഇറക്കുമതിചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവ് കുറഞ്ഞുവരികയാണ്. ഇപ്പോള്‍ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 10% മാത്രമാണ് ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഒരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ഈ 10% കൂടി ഇല്ലാതാവും. അത് ഇന്ത്യയുടെ എണ്ണവിപണിയിലെ കാര്യമായി ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

സമാധാനപരമായ ലക്ഷ്യങ്ങള്‍ക്ക് ഇറാന്‍ ആണവോര്‍ജ്ജം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അവര്‍ ഇത് സംബന്ധിച്ച അന്തര്‍ദേശീയ നിയമങ്ങള്‍ മാനിക്കണമെന്നും അവര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ ദക്ഷിണേഷ്യയെ മുഴുവന്‍ ബാധിക്കും. അതിനാല്‍ അവിടെ സമാധാനം നിലനില്‍ക്കേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമാണ്. പാക്കിസ്ഥാനുമായുള്ള സമാധാനപരമായ ബന്ധം കാത്തൂസൂക്ഷിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ശക്തികള്‍ ഇതിനെ നശിപ്പിക്കില്ലെന്നാണ് പ്രതീക്ഷയെന്നും നിരുപമ റാവു പറഞ്ഞു.

Malayalam News

Kerala News In English