ലണ്ടന്‍: താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ പാക് വിദ്യാഭ്യാസ പ്രവര്‍ത്തക മാലാല യുസഫ് സായ് മാസങ്ങള്‍ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌കൂള്‍ മുറ്റത്തെത്തി.

Ads By Google

നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് മലാല ഇംഗ്ലണ്ടിലെ സ്‌കൂളില്‍ പോയി തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസമാണിതെന്ന് മലാല ഇതിനെ വിശേഷിപ്പിച്ചു.

എന്റെ ഏറ്റവും വലിയ സ്വപ്നമാണ് സഫലമായിരിക്കുന്നത്. ലോകത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരവും അവകാശവും ഉണ്ടാകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും മലാല പ്രതികരിച്ചു.

മലാലയെ ക്ലാസിലേക്ക് സ്വീകരിക്കുവാനായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. വീണ്ടും പഠിക്കണമെന്ന സ്വപ്നമാണ് സഫലമായിരിക്കുന്നത് ഇപ്പോള്‍ സഫലമായിരിക്കുന്നതെന്നും മലാല പറഞ്ഞു.

2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സ്വാത് താഴ്‌വരയുടെ നിയന്ത്രണം പിടിച്ചെടുത്തശേഷം താലിബാന്‍ അവിടത്തെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു.

വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ മലാലയെഴുതിയ ഡയറി ബി.ബി.സി.യുടെ ഉര്‍ദു വിഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ മലാല ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയും താലിബാന്‍ തീവ്രവാദികളുടെ ശത്രുവും ആവുകയായിരുന്നു.

അതേസമയം, മലാലയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ എന്ന് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങുന്നുവോ അന്ന് അവരുടെ മരണം ഉറപ്പാക്കിയിരിക്കുമെന്നും താലിബാന്‍ വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. തലയ്ക്കും കഴുത്തിനുമായിരുന്നു മലാലയ്ക്ക് വെടിയേറ്റത്.

വിദഗ്ദ്ധ ചികിത്സയ്ക്കായാണ് മലാലയെ പാകിസ്ഥാനില്‍ നിന്ന് ബ്രിട്ടനിലേക്ക് മാറ്റിയത്.