കാബൂള്‍: അഫ്ഗാനില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കണമെന്ന അമേരിക്കന്‍ ആവശ്യത്തോട് മുഖംതിരിച്ച ഇന്ത്യക്ക് താലിബാന്റെ  പ്രശംസ. ഈയടുത്ത് അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തവെ യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ഇന്ത്യക്ക് അഫ്ഗാനില്‍ കൂടുതല്‍ ചെയ്യാനുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.  ഇതിന് വില കല്‍പ്പിക്കാത്ത ഇന്ത്യയെ മഹത്വപൂര്‍ണമായ രാജ്യമെന്നാണ് താലിബാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാബൂളടക്കമുള്ള നഗരങ്ങള്‍ താവളമാകുന്നുവെന്ന് ഇന്ത്യ ഭയക്കുന്നതിനിടെയാണ് താലിബാന്റെ പ്രശംസ.

മേഖലയിലെ മഹത്വപൂര്‍ണമായ രാജ്യമാണ് ഇന്ത്യയെന്നതില്‍ ഒരു സംശയവുമില്ലെന്ന് താലിബാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രഖ്യാപിക്കുന്നു. ‘ അഫ്ഗാനികളുടെ അഭിലാഷങ്ങളെയും സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്ഛകളെയും ഗൗരവപരമായാണ് ഇന്ത്യ സമീപിക്കുന്നത്. അമേരിക്കന്‍ സന്തോഷത്തിന് വേണ്ടി അവര്‍ അവരുടെ രാജ്യത്തെ നാശത്തിലേക്ക് തള്ളിവിടുകയെന്നത് യുക്തിസഹമല്ലാത്ത പ്രവൃത്തിയായിരിക്കും. അമേരിക്കന്‍ സമ്മര്‍ദത്തില്‍ വീഴാത്ത ഇന്ത്യന്‍ നീക്കം പ്രശംസനീയമാണ്.

‘ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി അഫ്ഗാനില്‍ അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന അധിനിവേശ യുദ്ധം ഇന്ത്യന്‍ ജനതയുടെ സര്‍ക്കാറും വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അഫ്ഗാന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും അവരുടെ താല്‍പര്യങ്ങളെക്കുറിച്ചും ഇന്ത്യക്ക് ബോധമുണ്ട്. അമേരിക്കയുടെ ആവശ്യങ്ങളെ ഇന്ത്യന്‍ അധികൃതര്‍ നിരാകരിച്ചുവെന്നാണ് മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍. അമേരിക്ക തങ്ങളുടെ തലക്ക് വാളോങ്ങി നില്‍ക്കുന്നത് ഇന്ത്യ തിരിച്ചറിഞ്ഞതാണ് ഏറ്റവും മഹത്തരം’ പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യന്‍ നിലപാട് കാരണമാണ് പനേറ്റക്ക് വെറുംകൈയോടെ അഫ്ഗാനില്‍ നിന്നും മടങ്ങേണ്ടി വന്നതെന്നും താലിബാന്‍ പറയുന്നു. കഴിഞ്ഞമാസം ഇന്ത്യ സന്ദര്‍ശിച്ച പനേറ്റ മൂന്ന് ദിവസം ന്യൂദല്‍ഹിയില്‍ തങ്ങിയത് അഫ്ഗാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കുമെന്ന് ഉറപ്പിക്കുന്നതിനായാണെന്ന് രണ്ട് ദിവസം മുമ്പ് താലിബാന്‍ മേധാവി മുല്ല ഉമര്‍ കുറ്റപ്പെടുത്തിയിരുന്നു.

2014ല്‍ യു.എസ് സൈനികര്‍ അഫ്ഗാന്‍ വിട്ടുകഴിഞ്ഞാല്‍ ഇന്ത്യയെ നാശത്തിലേക്ക് നയിക്കാനുള്ള ശ്രമമാണിതെന്നും ഉമര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതാദ്യമായാണ് ഇന്ത്യക്ക് അനുകൂലമായ പ്രസ്താവന താലിബാന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഹഖാനി വിഭാഗം നയിക്കുന്ന താലിബാന്‍ നേരത്തെ ഇന്ത്യന്‍ താല്‍പര്യങ്ങളെ നിരന്തരം ചോദ്യം ചെയ്തിരുന്നു. 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന താലിബാന്‍ ആക്രമണത്തില്‍ 58പേര്‍ കൊല്ലപ്പെടുകയും 141 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ താലിബാന്റെ പുതിയ പ്രസ്താവന ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പ്രശംസക്ക് പുറമേ തുല്യതയുടെയും പരമാധികാരത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയുമായി സൗഹൃദബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

അഫ്ഗാനിലെ പ്രശ്‌നപരിഹാരം ഒളിഞ്ഞിരിക്കുന്നത് വിദേശസൈനികരുടെ പിന്മാറ്റത്തിലൂടെയാണെന്ന് താലിബാന്‍ അവകാശപ്പെട്ടു. പിന്മാറ്റം രാജ്യത്തിന്റെ പരമാധികാരം അഫ്ഗാനികള്‍ക്ക് വിട്ടുനല്‍കിയായിരിക്കണം. അഫ്ഗാന്റെ മണ്ണ് ഹാനികരമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പും താലിബാന്‍ പ്രസ്താവനയില്‍ നല്‍കുന്നു.