കാബൂള്‍: സെപ്തംബര്‍ 11 ആക്രമണത്തിനു മുന്‍പ് തന്നെ ഉസാമ ബിന്‍ ലാദനെ വിചാരണ ചെയ്യാന്‍ അന്നത്തെ താലിബാന്‍ ഗവണ്‍മെന്റ് അമേരിക്കക്ക് സംവിധാനം ഒരുക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. താലിബാന്റെ അവസാന വിദേശകാര്യ മന്ത്രിയായിരുന്ന വക്കില്‍ അഹ്മദ് മുത്തവക്കിലുമായി അല്‍ ജസീറ നടത്തിയ എക്‌സ്‌ക്ലുസീവ് അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

1990കള്‍ മുതല്‍ അമേരിക്കയെ ലക്ഷ്യമിട്ട് നടത്തിയ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഉസാമ ബിന്‍ലാദനെ വിചാരണ ചെയ്യാന്‍ അമേരിക്കക്ക് താന്‍ ഉള്‍പ്പെട്ട താലിബാനിലെ ഗവണ്‍മെന്റ് സൗകര്യം ചെയ്തതായും എന്നാല്‍ അമേരിക്കന്‍ വൃത്തങ്ങള്‍ അത് ചെവികൊണ്ടില്ലെന്നും മുത്തവക്കില്‍ പറയുന്നു.

മുത്തവക്കിലിന്റെ വാക്കുകളിലൂടെ:
9/11 ന് മുന്‍പ് ഉസാമ പ്രശ്‌നം തീര്‍ക്കാന്‍ ഞങ്ങളുടെ ഇസ്ലാമിക ഭരണകൂടം പല തവണ ആത്മാര്‍ത്ഥമായി ശ്രമിച്ചതാണ്. അതിനായി അമേരിക്കയോട് പല നിര്‍ദേശങ്ങളും ഞങ്ങള്‍ മുന്നോട്ട് വെച്ചു. ത്രിരാഷ്ട്ര കോടതി സ്ഥാപിച്ച് അവിടെ വെച്ച് ഉസാമയെ വിചാരണ ചെയ്യാമെന്നായിരുന്നു അതിലൊന്ന്്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് (ഒ. ഐ. സി)യുടെ മേല്‍ നോട്ടത്തില്‍ നടക്കേണ്ട വിചാരണയായിരുന്നു മറ്റൊന്ന്.

പക്ഷേ അമേരിക്ക അതൊന്നും പരിഗണിച്ചില്ല. ഉസാമയെ കൈമാറണമെന്ന പിടിവാശിയിലായിരുന്നു അവര്‍. 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന താലിബാന് പക്ഷേ, അമേരിക്കയുമായി അത്തരമൊരു കരാറും താലിബാന്‍ സര്‍ക്കാറിന് ഉണ്ടായിരുന്നില്ല. അവരുമായി നയതന്ത്രബന്ധം ഇല്ലാത്തതിനാല്‍ ആലോചനകള്‍ നടന്നത് പാകിസ്ഥാനിലെ അമേരിക്കന്‍ എംബസി വഴിയായിരുന്നു. ആലോചനകള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മുഖേനെയായിരുന്നുവെന്ന് റോബര്‍ട്ട് ഗ്രീനിയര്‍ എന്ന സി. ഐ. എ ഉദ്യാഗസ്ഥന്‍ മുന്‍പ് പറഞ്ഞിരുന്നു.

അമേരിക്കന്‍ ഭരണകൂടത്തിലെ ആരും ഇത് ഗൗരവമായിട്ട് കണ്ടില്ല. ഉസാമ പ്രശ്‌നം തീര്‍ക്കാനുള്ള താലിബാന്റെ ലക്ഷ്യത്തെ അമേരിക്കയ്ക്ക് വിശ്വാസമില്ലായിരുന്നു.

താലിബാന്‍ മേധാവി മുല്ല ഉമറിന്റെ അടുത്ത സഹായി ആയിരുന്നു വക്കില്‍ അഹ്മദ് മുത്തവക്കില്‍. ഇസ്ലാമിക് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. 2002ന്റെ തുടക്കത്തില്‍ അമേരിക്ക കുപ്രസിദ്ധമായ ബഗ്രം തടവറയില്‍ മുത്തവക്കിലിനെ തടവിലാക്കി. മാസങ്ങള്‍ക്ക് ശേഷം സ്വതന്ത്രനാക്കിയ അദ്ദേഹത്തെ കാണ്ഡഹാറില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞു. പിന്നീടാണ് കാബൂളിലെത്തിയത്.

സെപ്തംബര്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 10-ാം വാര്‍ഷികം ഇന്നലെയാണ് അമേരിക്കയില്‍ ആചരിച്ചത്. 9/11 ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ നേരെ ഉയരുന്ന ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന പുതിയ സാഹചര്യങ്ങളില്‍ മുത്തവക്കിലിന്റെ വെളിപ്പെടുത്തലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മുത്തവക്കിലിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അമേരിക്കന്‍ നേതൃത്വമോ ഇത്‌വരെ ഒ. ഐ. സിയോ പ്രതികരിച്ചിട്ടില്ല.