കാബൂള്‍:താലിബാന്‍ മേധാവി മുല്ല  ഒമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

പാക് സൈനിക അധികൃതരാണ് വസിരിസ്ഥാനില്‍ ഒമര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

താലിബാന്റെ പാക് വിഭാഗമായ തെഹ്‌രിക-ഇ-താലിബാന്‍ ഒമറിന്റെ മരണവാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

ക്വെറ്റയില്‍നിന്നും നോര്‍ത്ത് വസിരിസ്ഥാനിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ ടോളോ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. ആരാണ് വധിച്ചതെന്നും എങ്ങനെയാണെന്നുമുള്ള വാര്‍ത്ത പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാന്റെയും അമേരിക്കയുടെയും സംയുക്തനീക്കത്തില്‍ വെടിയേറ്റാണു മരിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലെ ഭീകരപ്പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു മുല്ല ഒമര്‍.

താലിബാന്‍ മുവ്‌മെന്റിന്റെ ആത്മീയ നേതാവായിട്ടാണ് മുല്ല ഒമറിനെ കണക്കാക്കുന്നത്.

അതേ സമയം പാക്കിസ്ഥാനിലെ കറാച്ചി വ്യോമതാവളത്തില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

അല്‍ ഖയ്ദ നേതാവ് ബി്ന്‍ ലാദന്‍ കൊല്ലപ്പെട്ട് 20 ദിവസത്തിനു ശേഷമാണ് ആക്രമണം. ബിന്‍ ലാദന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് അല്‍ ഖയ്ദ പാക്കിസ്ഥാനും അമേരിക്കയ്ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു.