തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം. 8ാം തിയ്യതി ചേരുന്ന പി.ബി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

9,10 തിയ്യതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയിലും മണിയ്‌ക്കെതിരെയുള്ള നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. 8 ന് ചേരുന്ന പി.ബി യോഗവും, 9, 10 തിയ്യതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗവും ദല്‍ഹിയിലാണ് ചേരുന്നത്.

കേരളത്തിലെ സംഘടനാവിഷയങ്ങള്‍ പി.ബിയും കേന്ദ്രകമ്മിറ്റിയും ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റാണ് മണിയ്‌ക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യുക.

അതേസമയം, സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്നും മണി വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനായി പാര്‍ട്ടി ഇടുക്കി ജില്ലാ ഓഫിസിലേക്കു പോകവേ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മണി.

നടപടി ഉണ്ടാകുമെന്ന് കേന്ദ്രനേതൃത്വം പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു നിങ്ങള്‍ക്കു ഞങ്ങളുടെ പാര്‍ട്ടി ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ഇത്തരത്തില്‍ ചോദ്യം ചോദിക്കുന്നതെന്നായിരുന്നു മറുപടി.

നടപടി എന്നാല്‍ അവധിയില്‍ പ്രവേശിക്കലോ പുറത്താക്കലോ അല്ല. പാര്‍ട്ടിക്ക് അതിന്റേതായ ഭരണഘടന നടപടികളുണ്ട്. പാര്‍ട്ടിയെ നയിക്കുന്നതു തുടരുമെന്നും ഇന്നു മുതല്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തു സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.