ന്യൂദല്‍ഹി: ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ അതിന്റെ അന്ത്യ ഘട്ടത്തിലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ താജ്മഹലിന്റെ മീനാരത്തിന് 3.57 സെന്റിമീറ്റര്‍ ചരിവ് ഉണ്ടായതായി പറഞ്ഞിട്ടുണ്ട്.
358 വര്‍ഷത്തിനു മുമ്പ് ഷാജഹാന്‍ നിര്‍മിച്ച ഈ മാര്‍ബിള്‍ സ്മാരകം പ്രതിവര്‍ഷം 40 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. അതിനടുത്തുകൂടി ഒഴുകുന്ന യമുന നദി വനനശീകരണവും വ്യവസായവല്‍ക്കരണവും മൂലം നാശോന്മുഖമായിരിക്കുന്നു. സ്മാരകത്തിനു ചുറ്റുമുള്ള നാലു മിനാരങ്ങളില്‍ കഴിഞ്ഞവര്‍ഷം വിള്ളലുകള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി താജ്മഹലിന്റെ അടിവശത്തേക്ക് കടക്കാന്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.
വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ താജ്മഹല്‍ ചരിത്രമായി മാറാന്‍ സാധ്യതയുണ്ടെന്ന് ആഗ്ര എം.പി രാംശങ്കര്‍ കഥേരിയ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോകത്തെ വാസ്തുവിദ്യാ അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് അതിന്റെ മിന്നാരങ്ങളുടെ തടിയിലുള്ള അസ്ഥിവാരങ്ങള്‍ വെള്ളം ഇല്ലാത്തതിനാല്‍ ദ്രവിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിലനില്‍പ്പിന് തൊട്ടടുത്ത് കൂടെ ഒഴുകുന്ന യമുനാ നദി അത്യാവശ്യമാണ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. എന്നാല്‍ അടുത്ത കാലത്തായി ഇവിടെ നടത്തിയ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി താജ്മഹലിന്റെ സുരക്ഷ ഭീഷണിയിലായിരിക്കുകയാണ്.
യമുനാ നദിയുടെയും താജ്മഹലിന്റെയും ഇടയ്ക്കുള്ള പ്രദേശത്ത് ഒരു കൃത്രിമ പാര്‍ക്ക് നിര്‍മ്മിച്ചതോടെ നദീജലത്തിന്റെ സാമീപ്യം നഷ്ടമായ താജ്മഹലിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചു തുടങ്ങി എന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.
