ലണ്ടന്‍: നശിച്ചുകൊണ്ടിരിക്കുന്ന അടിത്തറ സംരക്ഷിക്കാന്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ താജ്മഹല്‍ നശിക്കുമെന്ന് മുന്നറിയിപ്പ്. ചരിത്രകാരന്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുള്‍പ്പെട്ട ക്യാമ്പയിനേഴ്‌സാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

358 വര്‍ഷത്തെ പഴക്കമുള്ള താജ്മഹല്‍ ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. മാര്‍ബിളില്‍ പണിതീര്‍ത്ത ഈ സ്മാരകം സന്ദര്‍ശിക്കാനായി വര്‍ഷം ലക്ഷക്കണക്കിനാളുകളാണ് എത്തുന്നത്. എന്നാല്‍ പരിസ്ഥിതി മലിനീകരണവും, വ്യവസായി വല്‍ക്കരണവും വനനശീകരണവുമെല്ലാം ഇതിന്റെ നാശത്തിന് കാരണമായിരിക്കുകയാണ്. ഇതിന്റെ അടിത്തറകള്‍ നശിക്കാന്‍ തുടങ്ങിയെന്നാണ് ക്യാമ്പയിനേഴ്‌സ് പറയുന്നത്.

ശവകുടീരത്തിന്റെ ഒരു ഭാഗത്തും നാല് മീനാരങ്ങളിലും കഴിഞ്ഞവര്‍ഷം വിള്ളല്‍ കണ്ടിരുന്നു. സ്മാരം നശിക്കുന്നതിന്റെ സൂചനയാണിത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ക്യാമ്പയിനേഴ്‌സ് ആവശ്യപ്പെട്ടു.

യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ താജ്മഹല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ആഗ്ര എം.പി രാംശങ്കര്‍ കതേറിയ മുന്നറിയിപ്പ് നല്‍കുന്നു. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ തിളക്കം നഷ്ടപ്പെടുകയാണ്. ഇത് തുടരുകയാണെങ്കില്‍ അടിത്തറയ്‌ക്കൊപ്പം മിനാരങ്ങളും തകരുമെന്നും അദ്ദേഹം പറഞ്ഞു.

താജ്മഹലിനടുത്തുള്ള യമുനാനദി ഇപ്പോള്‍ വറ്റിവരണ്ടുപോയി എന്നാണ് പ്രമുഖ ചരിത്രകാരനായ രാംനാഥ് പറയുന്നത്. ഇത് ഈസ്മാരകത്തിന്റെ നിര്‍മ്മാതാക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഡിസൈനിംങ്ങില്‍ നദിക്ക് നല്ല പ്രധാന്യം നല്‍കിയിരുന്നു. നദി നശിച്ചാല്‍ താജ്മഹലിന് നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.