എഡിറ്റര്‍
എഡിറ്റര്‍
വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത പോസ്റ്റ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ആര്‍.എസ്.എസ് നേതാവ് കോടതിയില്‍
എഡിറ്റര്‍
Wednesday 19th July 2017 12:46pm

കൊല്‍ക്കത്ത: വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത പോസ്റ്റ് ടാഗ് ചെയ്ത കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ആര്‍.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹ കോടതിയില്‍. ഷേക്‌സ്പീരിയന്‍ സരണി പൊലീസ് സ്റ്റേഷനില്‍ ജൂലൈ 12 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി രാകേഷ് കോടതിയെ സമീപിച്ചത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ട്വീറ്റും പോസ്റ്റ് ചെയ്തതിനായിരുന്നു കേസെടുത്തത്. ഇതില്‍ ഇയാള്‍ക്കെതിരെ സെക്ഷന്‍ 153 A1 (A) (B), 505 (1) (B), 295A, 120B എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷത്തിനും കലാപത്തിനും ഇടയാക്കിയേക്കാവുന്ന തരത്തിലുള്ളതാണ് സിന്‍ഹയുടെ പോസ്റ്റെന്ന് കാണിച്ച് മനോജ് കുമാര്‍ സിങ് എന്നയാളാണ് പരാതി നല്‍കിയത്.

 


Dont Miss വിദ്യാര്‍ഥികളെ ഉപയോഗിച്ച് നേരിടാമെന്നതും നഴ്‌സ് സമരത്തെ അട്ടിമറിക്കാമെന്നതും വ്യാമോഹമാണ്: കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ വി.എസ്


2002 ലെ ഗുജറാത്ത് കലാപത്തിന്റെ ഫോട്ടോ ബംഗാള്‍ കലാപം എന്ന പേരില്‍ പ്രചരിപ്പിച്ച ബി.ജെ.പി വക്താവ് നൂപൂര്‍ ശര്‍മയുടെ പോസ്റ്റും ഇദ്ദേഹം ടാഗ് ചെയ്തിരുന്നു. എന്നാല്‍ തന്നെ ടാഗ് ചെയ്തതാണെന്നാണ് രാകേഷ് സിന്‍ഹ പറയുന്നത്. തനിക്കെതിരെ യാതൊരു തെളിവുകളും ഇല്ലാതെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് സിന്‍ഹയുടെ ആരോപണം.

തന്റെ എതിരാളികളെ നിശബ്ദമാക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നും അവരുടെ ആ നീക്കത്തെ ഇല്ലാതാക്കേണ്ടതുണ്ടെന്നുമാണ് സിന്‍ഹയുടെ പ്രതികരണം.

തൃണമൂലിന്റെ ബി ടീം എന്ന നിലയ്ക്കാണ് ഭരണകൂടവും പൊലീസും പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുകയാണെന്നും രാകേഷ് സിന്‍ഹ ആരോപിച്ചിരുന്നു.

 

Advertisement