മലയാളത്തില്‍ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് തബു. എം. പത്മകുമാറാണ് തബുവിനെ വീണ്ടും മലയാളത്തില്‍ എത്തിക്കുന്നത്.

Ads By Google

ഒറീസ്സ എന്ന പ്രണയസിനിമയിലൂടെയാണ് തബു വീണ്ടും മലയാളത്തിലെത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അണിയറപ്രവര്‍ത്തകര്‍ തബുവിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

പോലീസ് ഓഫീസറും ഗ്രാമീണ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് ഒറീസ്സയുടെ പ്രമേയം. സമൂഹത്തിലെ തിന്മകള്‍ക്കെതിരേയും ചിത്രം വിരല്‍ ചൂണ്ടുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു. സിനിമയിലെ ഒരു പ്രധാന വേഷത്തിലാണ് തബു എത്തുക.

ഉണ്ണി മുകുന്ദനാണ്  ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പുതുമുഖമായിരിക്കും നായികയെ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്.

ജി.എസ്. അനിലാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സംഗീത സംവിധാനം രതീഷ് വേഗയാണ് കൈകാര്യം ചെയ്യുന്നത്. അടുത്ത വര്‍ഷത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.

കാലാപാനി, കവര്‍‌സ്റ്റോറി എന്നീ മലയാള സിനിമകളിലാണ് തബു ഇതിന് മുമ്പ് അഭിനയിച്ചത്. തബു പ്രത്യക്ഷപ്പെട്ട ഉറുമിയിലെ ഗാനരംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.