ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്താഴ്ച്ച മുതല്‍ ചെലവു കുറഞ്ഞ കംപ്യൂട്ടറുകള്‍ വിതരണം ചെയ്യും. മാനവവിഭവശേഷി മന്ത്രി കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചത്. പ്രൈമറി തലം മുതല്‍ സര്‍വകലാശാലാ തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ചെലവു കുറഞ്ഞ കംപ്യൂട്ടറുകള്‍ വിതരണം ചെയ്യുന്നത്.

ടാബ്‌ലറ്റ് കംപ്യൂട്ടറുകളാണ് വിതരണം ചെയ്യുന്നത്. ഇന്റര്‍നെറ്റ് ബ്രൗസര്‍, വീഡിയോ കോണ്‍ഫറന്‍സിംഗ്, പി.ഡി.എഫ് റീഡര്‍, ഓപണ്‍ ഓഫിസ്, സയന്‍സ് ലാബ്, മീഡിയ പ്ലെയര്‍, 2 ജി.ബി മെമ്മറി തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ടാകും. ഐ-പാഡ് രൂപത്തിലുള്ള ഇതിന്റെ പേര് തീരുമാനിച്ചിട്ടില്ലെന്നും ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെയും ഗവേഷകരാണ് ഈ പ്രത്യേക കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ കംപ്യൂട്ടറാണിത്.