Administrator
Administrator
ഇശലുകളുടെ ചക്രവര്‍ത്തി ടി ഉബൈദ്
Administrator
Tuesday 16th March 2010 9:06am

ഡോക്യുഫിക്ഷന്‍ / ഇഖ്‌റഅ

മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ക്ക് കേരള സാഹിത്യത്തില്‍ അര്‍ഹമായ ഇടം നേടിക്കൊടുത്ത കവിയാണ് ടി ഉബൈദ്. മാപ്പിള സമൂഹം ഏറ്റുചൊല്ലിയ ഇശലുകളലിലെ സാഹിത്യവും സംസ്‌കാരവും ബഹുഭഷാ സമന്വയവും പൊതു സമൂഹത്തിന് മുന്നില്‍ ഉബൈദ് തുറന്ന് വെച്ചു. ഉബൈദ് നല്‍കിയ വെളിച്ചമാണ് പിന്നീട് മാപ്പളപ്പാട്ടുള്‍പ്പെടെയുള്ള മാപ്പിള കലകളുടെ കേരളത്തിലെ വളര്‍ച്ചക്ക് അടിത്തറയിട്ടത്.

ഉബൈദിന്റെ ജീവ ചരിത്രം ആസ്പദമാക്കി അന്‍വര്‍ പാലേരി ഒരുക്കുന്ന ഡോക്യുഫിക്ഷനാണ് ‘ഇഖ്‌റഅ’. കാസര്‍കോഡ് ബാംഗ്‌സണ്‍ മീഡിയാ ക്രിയേഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ പാലേരിയും ബക്കര്‍ മുഹമ്മദുമാണ് തിരക്കഥ തയ്യാറാക്കിയത്. ക്യാമറ റഫീഖ് റശീദ് നിര്‍വഹിച്ചു.

മാപ്പിളപ്പാട്ടിന് ഇന്ന് കാണുന്ന ജനകീയത നല്‍കിയത് ഉബൈദാണന്ന് ഡോക്യുഫിക്ഷന്‍ പറയുന്നു. അടങ്ങാത്ത സാഹിത്യവാസന, മലയാളത്തിലും കന്നടയിലും നല്ല അവഗാഹം, ഇരുസാഹിത്യങ്ങളെയും തമ്മില്‍ കൂട്ടിയിണക്കാനുള്ള ശ്രമം. മലയാള സാഹിത്യത്തില്‍ മുസ്‌ലിംകളുടെ സംഭാവനയെന്തെന്നുള്ള തിരിച്ചറിവ് തുടങ്ങിയവയായിരുന്നു ഉബൈദിനെ വ്യത്യസ്തനാക്കിയത്.

ദക്ഷിണ കന്നഡയുടെ ഭാഗമായിരുന്ന പഴയ കാസര്‍കോട് താലൂക്കിലെ തളങ്കരയില്‍ 1908 ഒക്ടോബര്‍ 7 ന് പള്‍ലിക്കാലില്‍ ജനിച്ച ടി അബ്ദുറഹ്മാന്‍ ഉബൈദെന്ന പേരിലാണ് വിഖ്യാതനായത്. കന്നഡയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യഭ്യാസം. ആദ്യം പാട്ടുകളെഴുതിയിരുന്നതും കന്നഡയില്‍ തന്നെയായിരുന്നു. അറബി സ്വായത്തമായപ്പോള്‍ അറബിയിലെ ബൈത്തുകളുടെ മാതൃകയില്‍ കവിതകള്‍ എഴുതി. തുണിക്കച്ചവടക്കാരനായിരുന്ന പിതാവിന്റെ കടകളിലെ ലേബലുകളില്‍ നിന്നുള്ള പേരുകള്‍ നോക്കിയാണ് മലയാളം പഠിച്ചത്.

മാപ്പിളപ്പാട്ടിനെ ജനകീയ വത്കരിച്ച അദ്ദേഹം മലയാള സിനിമാ ഗാന ശാഖയിലേക്ക് മാപ്പിള ഈരടികളെ ലയിപ്പിച്ചു. അങ്ങിനെയാണ് പി ഭാസ്‌കരനെഴുതിയ, മലയാള സിനിമാ ലോകം എക്കാലവുമോര്‍ക്കുന്ന കായലരികത്ത് ഉള്‍പ്പെടെയുള്ള മാപ്പിള ഗന്ധമുള്ള ഗാനങ്ങളുണ്ടായത്.

1947ലെ കാസര്‍കോട് സാഹിത്യ പരിഷത് സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് ഉബൈദ് നടത്തിയ പ്രഭാഷണം ചരിത്രത്തില്‍ ഇടം നേടി. കെസ്സു പാടാന്‍ ക്ഷണിച്ചവരോട് സദസ്സില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് ഒരു പ്രഭാഷണത്തിന് അവസരം നല്‍കണമെന്നു ഉബൈദ് ആവശ്യപ്പെടുകയായിരുന്നു. എന്‍ വി കൃഷ്ണവാരിയരും പി നാരായണന്‍ നായരുമുള്‍പ്പെടെയുള്ള സാഹിത്യപ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ആ പ്രഭാഷണം. മാപ്പിളപ്പാട്ട് ചരിത്രത്തിലെ നിര്‍ണായകമായ വഴിത്തിരിവായിരുന്നു അത്.

അപൂര്‍വ്വമായ മാപ്പിളപ്പാട്ടു വരികള്‍ ഉബൈദ് പാടിയപ്പോള്‍ സദസ് അത്ഭുത പരതന്ത്രരായി അത് കേട്ടിരുന്നു. മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിള സംസ്‌കാരത്തെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടക്കുന്നത് അതിന് ശേഷമാണ്. മാപ്പിളപ്പാട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാഹിത്യചരിത്രം അപൂര്‍ണമായിരിക്കുമെന്ന ജി ശങ്കരക്കുറുപ്പിന്റെ പ്രഖ്യാപനം ഉബൈദിന്റെ ശ്രമങ്ങള്‍ക്ക് അംഗീകാരമായിരുന്നു.

ചന്ദ്രക്കല, ഗാനവീചി, നവരത്‌നമാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി, തിരഞ്ഞെടുത്ത കവിതകള്‍, മാലിക് ദീനാര്‍, മുഹമ്മദ് ശെറൂല്‍, ഖാസി അബ്ദുള്ള ഹാജി, കന്നട ചെറുകഥകള്‍, ആവലാതിയും മറുപടിയും, ആശാന്‍വള്ളത്തോള്‍ കവിതകള്‍ കന്നടയില്‍ (വിവര്‍ത്തനം) എന്നിവ കൃതികളാണ്. നാലു കൃതികള്‍ കന്നഡയിലുമായി ഉബൈദിന്റേതായി ഉണ്ട്.

കേരള സാഹിത്യ അക്കാദമി അംഗം, സംഗീത നാടക അക്കാദമി നിര്‍വാഹക സമിതിയംഗം, കേരള കലാമണ്ഡലം മാനേജിങ് കമ്മിറ്റിയംഗം, കോഴിക്കോട് സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി അംഗം, വിശ്വവിജ്ഞാനകോശം ഉപദേശകസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
പ്രൈമറിസ്‌കൂള്‍ ഹെഡ്മാസ്റ്ററായി 1969ല്‍ വിരമിച്ച ഉബൈദ് 1972 ഒക്ടോബര്‍ മൂന്നിന് ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ അധ്യാപകസെമിനാറില്‍ സംസാരിക്കവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 1974ല്‍ കാസര്‍കോട് നടന്ന സമസ്ത കേരള സാഹിത്യപരിഷത്തിന്റെ 34ാം സമ്മേളനം അദ്ദേഹത്തിനാണ് സമര്‍പിച്ചത്.

‘ഇഖ്‌റഅ’എന്ന ഡോക്യുഫിക്ഷന്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുകയാണ്. മഹാനായ സാഹിത്യകാരന്‍ ടി ഉബൈദിന്റെ ജീവിതം ചിത്രമായി മുന്നിലെത്തുമ്പോള്‍ അത് ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാകുന്നു.

Advertisement