മലപ്പുറം: സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്റെ മകളുടെ വീടിനുനേരെ ഒരുസംഘം അക്രമികള്‍ കല്ലേറ് നടത്തി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ്  മഞ്ചേരി കച്ചേരിപ്പടിയിലുള്ള വീടിനു നേരെ ആക്രമണമുണ്ടായത്.

വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ശിവദാസമേനോന്‍ വീട്ടിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് മഞ്ചേരി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ മുസ്ലിം ലീഗ് നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.കല്ലേറിന് പിന്നില്‍ മുസ്ലീംലീഗാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് കരുതി ഇത്തരം അഹന്ത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പോലുള്ള വര്‍ഗീയ കക്ഷികളുമായി ലീഗ് കൂട്ട് ചേര്‍ന്നത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇതിന്റെ ഫലമാണ് വീടിന് നേര്‍ക്ക് കല്ലേറുണ്ടായ സംഭവം.ആക്രമണത്തിനെതിരെ സി.പി.ഐ.എം  പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.