എഡിറ്റര്‍
എഡിറ്റര്‍
ടി.പി ചന്ദ്രശേഖരനെ വെട്ടിയ പ്രതി സിജിത്ത്‌ പിടിയില്‍
എഡിറ്റര്‍
Wednesday 23rd May 2012 11:29am

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷേന്‍ സംഘത്തിലെ ഒരാളെക്കൂടി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊല്ലുന്നതിനിടെ കൈയ്ക്കു പരുക്കേറ്റ ന്യൂ മാഹി പന്തക്കല്‍ സ്വദേശി അണ്ണന്‍ എന്നു വിളിക്കുന്ന സിജിത്തിനെ(34)യാണ് പോലീസ് അറസ്റ്റു ചെയ്തത്.

തലശേരിയില്‍ നിന്നാണ് സിജിത്തിനെ അറസ്റ്റു ചെയ്തതെന്നാണ് സൂചന. ആക്രമണത്തിനിടെ പരിക്കേറ്റ സിജിത്ത്‌ ചികില്‍സയ്ക്കായി രണ്ടു ദിവസം തലശേരി സഹകരണ ആശുപത്രിയില്‍ കിടന്നതായും ഇതിന്
സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മറ്റൊരു
സി.പി.ഐ.എം നേതാവും സൗകര്യമൊരുക്കിയതായും അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

മെയ് നാലിന് വള്ളിക്കാട്ട് ചന്ദ്രശേഖരനെ കൊലപ്പെടുത്തുമ്പോള്‍ ക്വട്ടേഷന്‍ സംഘാംഗത്തിന് ആയുധം കൊണ്ട് സാരമായി പരിക്കേറ്റിരുന്നു. ഇയാളെയും കൂട്ടി കൊടിസുനി ഉള്‍പ്പെടെയുള്ളവര്‍ ചൊക്ലിയിലെത്തി. തുടര്‍ന്ന് പള്ളൂര്‍ ബാബുവിന്റെ വീട്ടിലെത്തി മുറിവേറ്റയാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അവിടെ താമസിച്ചു.

പിറ്റേന്നു കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ പ്രതികള്‍ക്കൊപ്പം മുറിവേറ്റയാളും ഉണ്ടായിരുന്നു. ഇവരെക്കൂടാതെ മറ്റുള്ളവര്‍ സി.പി.ഐ.എം ഓഫീസിലേക്ക് കയറി. അവിടെ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയെ കൂടാതെ മറ്റൊരു ഏരിയാസെക്രട്ടറി കൂടി ഉണ്ടായിരുന്നു. മുറിവേറ്റയാളുമായി ഏരിയാ സെക്രട്ടറി തലശ്ശേരിയിലെ ആശുപത്രിയിലെത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ടി.പി ചന്ദ്രശേഖരനെ കൊല്ലാനായി അക്രമികള്‍ ഉപയോഗിച്ച ഇന്നോവ കാറിനുള്ളില്‍നിന്നു ഫോറന്‍സിക് വിദഗ്ധര്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ചന്ദ്രശേഖരന്റെയല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. ഇത് അക്രമികളിലൊരാളുടേതാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. തുടര്‍ന്ന് അക്രമികളെ രക്ഷപ്പെടാന്‍ സഹായിച്ച ചിലരെ ചോദ്യം ചെയ്തപ്പോള്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാളുടെ കൈ തുണി കൊണ്ടു കെട്ടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു.

ഇയാള്‍ സിജിത്താണെന്നു സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ടി.പി. കൊല്ലപ്പെട്ടതിന്റെ പിറ്റേന്നു സഹകരണ ആശുപത്രിയിലെത്തി  സിജിത്ത്‌ രണ്ടു ദിവസം ചികില്‍സയില്‍ കിടന്നെന്നും കൊലപാതകത്തിനു വന്‍ മാധ്യമശ്രദ്ധ കിട്ടുന്നതറിഞ്ഞ് കടന്നു കളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Advertisement