കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിജിത്തിനെ ഇന്ന് വടകര ഫസ്‌ററ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് സിജിത്ത് കോടതിയില്‍ മൊഴി നല്‍കി. വയനാട് മേപ്പാടിക്കടുത്തുള്ള ക്യാമ്പില്‍ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്നാണ് സിജിത്തിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സിജിത്തിനെ എത്രയും പെട്ടെന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപ്പട്ടികയില്‍ 70 പേര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒളിവില്‍ കഴിയുന്ന പി.കെ. കുഞ്ഞനന്തനെ രക്ഷപെടാന്‍ സഹായിച്ചവരുള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ടാകും. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച 14 പേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ പങ്കു ബോധ്യപ്പെട്ടാല്‍ ഉടന്‍ അറസ്റ്റുചെയ്യും.

അതിനുപുറമേ കൊടി സുനിക്കും സംഘത്തിനും മുഴക്കുന്നിലെ പാര്‍ട്ടി ഗ്രാമത്തില്‍ അഭയം നല്‍കിയ മുഴുവന്‍ പേരുടെയും പേരു വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ഇവരെയെല്ലാം കേസില്‍ പ്രതികളാക്കുമെന്നു പോലീസ് സൂചന നല്‍കി. തങ്ങള്‍ക്ക് അഭയം നല്‍കിയെന്ന് പ്രതികള്‍ പറഞ്ഞ ലോക്കല്‍ കമ്മറ്റിയംഗത്തെ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനായി ബന്ധപ്പെടാന്‍
ശ്രമിച്ചെങ്കിലും ഇവരെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.