തലശേരി: ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേകഷ പരിഗണിക്കുന്നത് തലശേരി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 16ലേക്ക് മാറ്റി.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കുഞ്ഞനന്തന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചിരുന്നു.

കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങാന്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും, ഇയാളെ പ്രതി ചേര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലാത്തതിനാല്‍ നേരിട്ടു കീഴടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലമാണു മുന്‍കൂര്‍ ജാമ്യം തേടിയതെന്നാണു സൂചന.

അതേസമയം ചന്ദ്രശേഖരന്‍ വധക്കേസുമായി തനിയ്ക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എല്ലാം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

താന്‍ ഒളിവിലല്ല. പോലീസുമായി സഹകരിക്കാന്‍ തയാറുമാണ്. പോലീസില്‍നിന്നു ശാരീരികവും മാനസികവുമായ പീഡനമുണ്ടാകുമെന്നതിനാലാണ് അവര്‍ക്കു മുന്നില്‍ ഹാജരാകാന്‍ മടിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

യു.ഡി.എഫിന്റെ ആസൂത്രിത നീക്കങ്ങളാണ് കേസിന് പിന്നില്‍. ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ല. ഈ കേസില്‍ തീര്‍ത്തും നിരപരാധിയാണ്. ഇതുവരെ ഒരു ക്രിമിനല്‍ കേസിലും പ്രതിയായിട്ടില്ല.

സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനു താന്‍ അര്‍ഹനാണെന്നും അതിനാല്‍ ജാമ്യമനുവദിക്കണമെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ പറഞ്ഞു.