Categories

പത്മനാഭസ്വാമി ക്ഷേത്രം: ഹരജിക്കാരന്‍ ടി.പി സുന്ദരരാജന്‍ അന്തരിച്ചു

t-p-sundarajan തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീച്ച ടി.പി.സുന്ദരരാജന്‍(70) അന്തരിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ നിധി എണ്ണി തിട്ടപ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവിറക്കിയത് സുന്ദരരാജന്റെ പരാതി പ്രകാരമാണ്.

1964 കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ ഐ.ബി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. ഏഴ് വര്‍ഷം പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള ഐ.ബി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച സുന്ദരരാജന്‍ കാഴ്ച നഷ്ടപ്പെട്ട പിതാവിനെ പരിചരിക്കാന്‍ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

നാട്ടിലെത്തിയ അദ്ദേഹം വക്കീലായി തുടര്‍ന്നു. തുടര്‍ന്നാണ് നിലവറ തുറന്ന് നിധി എത്രയുണ്ടെന്ന എണ്ണിത്തിട്ടപ്പെടുത്തണമെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്.

അവിവാഹിതനായ സുന്ദരരാജന്‍ കുറച്ചുകാലമായി ക്ഷേത്രപരിസരത്ത് പ്രാര്‍ത്ഥനയും ക്ഷേത്രാരാധനയുമായി കഴിയുകയായിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ മതിലകം ഓഫീസിനടുത്തായിരുന്നു താമസം. രണ്ടുദിവസമായി പനിബാധിച്ചു കിടപ്പിലായിരുന്നു.

ശനിയാഴ്ച രാത്രി 12.45ന് തിരുവനന്തപുരം ഫോര്‍ട്ട് പടിഞ്ഞാറേനട ‘ശരണാഗതി’യിലാണ് അന്ത്യം. മരണസമയത്ത് സഹോദരന്‍ ടി.പി. കൃഷ്ണനും മകന്‍ അനന്തപത്മനാഭനും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ടിന് പുത്തന്‍കോട്ട ശ്മശാനത്തില്‍ നടന്നു.

തലമുറകളായി തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിയമോപദേശകരായിരുന്നു സുന്ദരരാജന്റെ തറവാട്ടുകാര്‍. ക്ഷേത്രത്തിലെ സ്വത്ത് വിവാദം സംബന്ധിച്ച് കേസുകള്‍ക്കായി സുന്ദരരാജന്‍ കോടതി കയറിയപ്പോള്‍ നിരവധി ഭീഷണികളും വീടിന് നേരെ അക്രമവും നേരിടേണ്ടിവന്നിരുന്നു. മരുമകനായ അഡ്വ. അനന്തപത്മനാഭനാണ് കേസ് വാദിക്കാനായി കോടതിയില്‍ ഹാജരാകാറുള്ളത്.

One Response to “പത്മനാഭസ്വാമി ക്ഷേത്രം: ഹരജിക്കാരന്‍ ടി.പി സുന്ദരരാജന്‍ അന്തരിച്ചു”

  1. Manoj

    ഇത്ര വലിയ നിധി ശേഖരം എന്നെന്നേയ്ക്കുമായി നമുക്ക് നഷ്ടപ്പെടുംയിരുന്നത് ഈ ധീരനായ മനുഷ്യനാണ് കാത്തു രക്ഷിച്ചത്‌ എന്നറിയുമ്പോള്‍ എന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം! അമ്പലം വിഴുങ്ങികളുടെയും രാഷ്ട്രീയ ഭൂതങ്ങളുടെയും കയ്യില്‍ അകപ്പെടുമായിരുന്ന ഈ നിധിശേഖരം ഒരു ജനതയ്ക്ക് സ്വന്തമാക്കിതന്നത് മഹാനായ സുന്ദരരാജന്‍ സാറിന്റെ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ് എന്നകാര്യത്തില്‍ നമുക്ക് അഭിമാനിക്കാം!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.