എഡിറ്റര്‍
എഡിറ്റര്‍
വി.എസ്സിന്റെ ഒഞ്ചിയം സന്ദര്‍ശനം ജില്ലാ നേതൃത്വം അറിഞ്ഞിരുന്നില്ല: ടി.പി രാമകൃഷ്ണന്‍
എഡിറ്റര്‍
Monday 4th June 2012 11:59am

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനം സി.പി.ഐ.എം ജില്ലാ നേതൃത്വം അറിയാതെയാണെന്ന് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍.

ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ പാര്‍ട്ടി ആരെയും വിലക്കിയിട്ടില്ല. ഒഞ്ചിയം സന്ദര്‍ശനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വി.എസ് പോയ ശേഷമാണ് താന്‍ സന്ദര്‍ശന വിവരമറിഞ്ഞതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എം.പി പ്രവര്‍ത്തകരാണ് സി.പി.ഐ.എം പ്രവര്‍ത്തകരെ വിലക്കിയത്. ചിലര്‍ക്ക് മാത്രമാണ് അവര്‍ സന്ദര്‍ശനാനുമതി നല്‍കിയത്.

പാര്‍ട്ടി അറിയാതെ കേന്ദ്രകമ്മിറ്റിയംഗമായ വി.എസ് ഒഞ്ചിയം സന്ദര്‍ശിച്ചതില്‍ തെറ്റുപറയാനാവില്ല. എല്ലാക്കാര്യങ്ങളും പാര്‍ട്ടി നേതൃത്വം അറിയണമെന്നില്ല. ടി.പി വധക്കേസ് അന്വേഷണത്തിലെ പരാതി കോടതിയെ അറിയിക്കാമെന്ന് വി.എസ് പറഞ്ഞിരുന്നതായും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി വധക്കേസ് അന്വേഷണത്തിലെ പരാതി കോടതിയെ അറിയിക്കാമെന്ന് വി.എസ് പറഞ്ഞിട്ടുണ്ട്. സി.പി.ഐ.എം അന്വേഷണസംഘത്തെയും മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഭീഷണിയെന്ന ആരോപണം യു.ഡി.എഫി.ന്റെയും മാധ്യമങ്ങളുടെയും വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു.

 

Advertisement