എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം : കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ അറസ്റ്റില്‍
എഡിറ്റര്‍
Friday 29th June 2012 9:46am

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ അറസ്റ്റിലായി. കൊയിലാണ്ടിയില്‍ വെച്ചാണ് ഡി.വൈ.എസ്.പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടകീയമായി മോഹനനെ അറസ്റ്റ് ചെയ്തത്. സി.പി.ഐ. എമ്മിന്റെ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട നേതാവാണ് പി. മോഹനന്‍.

കൊയിലാണ്ടിയില്‍ നിന്നും കാറില്‍ പോവുകയായിരുന്ന മോഹനനെ അന്വേഷണ സംഘം തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വടകര ക്യാമ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. കെ.കെ.ലതിക എം.എല്‍.എയുടെ ഭര്‍ത്താവാണ് മോഹനന്‍.

ചന്ദ്രശേഖരന്‍ വധത്തില്‍ നേരത്തേ അറസ്റ്റിലായ  പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നാണ് സൂചന. ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ അന്തിമ തീരുമാനം എടുത്തത് ഒരു ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്നുവെന്ന് കുഞ്ഞനന്തന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ കുറച്ചു നാളായി മോഹനന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ഫോണ്‍കോളുകളും മറ്റും പോലീസ് പരിശോധിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന പല പാര്‍ട്ടി പരിപാടിയിലും മോഹനന്‍ മാസ്റ്ററുടെ സാനിദ്ധ്യം ഉണ്ടായിരുന്നു.

ടി.പി വധത്തില്‍ കണ്ണൂരിലേയും കോഴിക്കോട്ടേയും നേതാക്കളുടെ പങ്കാണ് പി. മോഹനന്റെ അറസ്റ്റോടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും മോഹനന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് ആര്‍.എം.പി നേതാവ് എം. വേണു പറഞ്ഞു. ടി.പി വധക്കേസില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏറ്റവും അധികം ആരോപണം ഉന്നയിച്ച വ്യക്തി കൂടിയാണ് മോഹനന്‍. ഇതോടെ ടി.പി വധക്കേസില്‍ 12 സി.പി.ഐ.എമ്മുകാര്‍ അറസ്റ്റിലായി.

പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയാണെന്നും എന്തുകൊണ്ട് ഇത്രയും വൈകി എന്നു മാത്രമെ താന്‍ ചിന്തിക്കുന്നുള്ളുവെന്നും ടി.പിയുടെ ഭാര്യ കെ.കെ രമ പ്രതികരിച്ചു. ടി.പിയെ വധിച്ചതില്‍ സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന കാര്യം തെളിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും രമ പറഞ്ഞു.

നേതാക്കളെ അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തളര്‍ത്തുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് മോഹനനെ അറസ്റ്റ് ചെയ്തതെന്നും പി.മോഹനന്റെ ഭാര്യ കെ.കെ ലതിക എം.എല്‍.എ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലല്ല അദ്ദേഹത്തിന്റെ അറസ്റ്റ്. അറസ്റ്റ് നിയമവിരുദ്ധമാണ്.

സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഭാഗമായാണ് മോഹനന്‍മാസ്റ്ററെ അറസ്റ്റ് ചെയ്തത്. നേതാക്കന്‍മാരെ അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ലതിക പ്രതികരിച്ചു.

നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ പോലീസിന് മുന്‍പില്‍ ഹാജരാകുമായിരുന്നെന്നും എന്നാല്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്യുന്നത് എന്ത് ന്യായമാണെന്നും ലതിക ചോദിച്ചു. കേസ് രാഷ്ട്രീയമായി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. ടി.പി വധത്തില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു.

Advertisement