എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം:ക്വട്ടേഷന്‍ സംഘാംഗത്തിനും മുറിവേറ്റു: വൈദ്യസഹായം ഏരിയാ സെക്രട്ടറി വക
എഡിറ്റര്‍
Wednesday 23rd May 2012 9:35am

കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘത്തിലെ പരുക്കേറ്റയാള്‍ക്കു വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയത് കണ്ണൂര്‍ ജില്ലയിലെ ഏരിയാ കമ്മിറ്റി സെക്രട്ടറി. ഏഴംഗ സംഘത്തില്‍ പരുക്കേറ്റയാളെ ചികിത്സിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏരിയാ സെക്രട്ടറിയുടെ പങ്ക് വ്യക്തമായതായി അന്വേഷണ സംഘം വെളിപ്പെടുത്തി.

ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. മേയ് നാലിന് വള്ളിക്കാട്ട് ചന്ദ്രശേഖരനെ കൊലപ്പെടുത്തുമ്പോള്‍ ക്വട്ടേഷന്‍ സംഘാംഗത്തിന് ആയുധം കൊണ്ട് സാരമായി പരിക്കേറ്റിരുന്നു. ഇയാളെയും കൂട്ടി കൊടിസുനി ഉള്‍പ്പെടെയുള്ളവര്‍ ചൊക്ലിയിലെത്തി. തുടര്‍ന്ന് പള്ളൂര്‍ ബാബുവിന്റെ വീട്ടിലെത്തി മുറിവേറ്റയാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അവിടെ താമസിച്ചു.

പിറ്റേന്നു കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ പ്രതികള്‍ക്കൊപ്പം മുറിവേറ്റയാളും ഉണ്ടായിരുന്നു. ഇവരെക്കൂടാതെ മറ്റുള്ളവര്‍ സി.പി.ഐ.എം ഓഫീസിലേക്ക് കയറി. അവിടെ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയെ കൂടാതെ മറ്റൊരു ഏരിയാസെക്രട്ടറി കൂടി ഉണ്ടായിരുന്നു. മുറിവേറ്റയാളുമായി ഏരിയാ സെക്രട്ടറി തലശ്ശേരിയിലെ ആശുപത്രിയിലെത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എന്നാല്‍ സെക്രട്ടറിയെ കസ്‌ററഡിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

അതേ സമയം ക്വട്ടേഷന്‍ സംഘത്തലവന്‍ കൊടി സുനി കീഴടങ്ങാന്‍ സന്നദ്ധനായതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എമ്മുമായുണ്ടായ ചില നീരസങ്ങളുടെ അടിസ്ഥാനത്തിലാണു കൊടി സുനിയുടെ തീരുമാനമെന്നു പോലീസ് വൃത്തങ്ങള്‍ പറയുന്നു.

കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന ഉറപ്പില്‍ കൊടി സുനി പോലീസിനു പിടികൊടുത്തേക്കുമെന്ന നിലയിലാണു കാര്യങ്ങള്‍ നീങ്ങുന്നത്. കൊടി സുനി കീഴങ്ങുകയും മാപ്പുസാക്ഷിയാക്കുകയും ചെയ്യുകയാണെങ്കില്‍ അന്വേഷണം നേതാക്കളിലേക്കെത്താന്‍ മതിയായ തെളിവുകള്‍ ലഭിക്കുമെന്നാണു പോലീസിന്റെ വിശ്വാസം.

പിടിയിലായ ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍നിന്നും കൂത്തുപറമ്പ് ഏരിയാ ഓഫീസ് സെക്രട്ടറി സി. ബാബുവില്‍നിന്നും നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തുന്നതിലേക്കു നയിക്കാവുന്ന വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. കൊടി സുനിയില്‍നിന്നും ഇത്തരം വിവരങ്ങള്‍ കിട്ടിയാല്‍ നേതാക്കളെ ചോദ്യംചെയ്യാന്‍ പോലീസിനു മറ്റൊന്നും ആലോചിക്കേണ്ടിവരില്ല.

അതേസമയം പ്രതികളെ ഒളിപ്പിച്ചവരില്‍ പങ്കുള്ളതായി കണ്ടെത്തിയ സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കെ.പി കുഞ്ഞനന്തനു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇയാള്‍ ബാംഗ്ലൂരില്‍ പോയെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. പിടിയിലായാല്‍ മുതിര്‍ന്ന നേതാക്കളുടെ പങ്ക് വ്യക്തമാകുമെന്നതിനാല്‍ ഇയാളെ വിദേശത്തേക്ക് കടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്.

കുഞ്ഞനന്തന്‍ വിദേശത്തേക്ക് പുറപ്പെടാതിരിക്കാന്‍ തിങ്കളാഴ്ച പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

Advertisement