കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും സാക്ഷിയുടെ കൂറുമാറ്റം. പ്രതികള്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയെന്നായിരുന്നു പി.വി.വിജേഷ് ആദ്യം പോലീസിന് മൊഴിനല്‍കിയിരുന്നത്. ഇതാണ് ഇന്ന് പ്രോസിക്യൂഷന് മുമ്പാകെ  തിരുത്തിയത്.

Ads By Google

കേസിലെ 23ാം പ്രതി ഇ.എം. ഷാജി ആവശ്യപ്പെട്ടപ്രകാരം തന്റെ മാതാവിന്റെ പേരില്‍ ഒരു സിം കണക്ഷന്‍ എട്ടാം പ്രതി കെ.സി. രാമചന്ദ്രന് നല്‍കിയിരുന്നതായും മുഖ്യ പ്രതിയായ കൊടി സുനിയും ഈ സിം കാര്‍ഡ് ഉപയോഗിച്ചതായും വിജേഷ് പറഞ്ഞിരുന്നു.

ഇത് ടി.പി വധവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചുവെന്നാണ് ഇയാള്‍ വടകര ഡി.വൈ.എസ്.പിയുടെ മുമ്പാകെ  മൊഴി നല്‍കിയിരുന്നു.

ക്രിമിനല്‍ നടപടി ക്രമം 164 പ്രകാരം ഇയാളുടെ മൊഴി വടകര മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.ഈ മൊഴിയാണ് ഇന്ന വിജേഷ് തിരുത്തിയത്.

ടി.പി വധക്കേസിലെ പ്രധാന കണ്ണികളാണ് സാക്ഷികളുടെ കൂറുമാറ്റത്തോടെ ഇല്ലാതാകുക. സാക്ഷികള്‍ക്ക സി.പി.എമ്മുമായുളള മുന്‍ ബന്ധം കൂറുമാറ്റത്തിനിടയാക്കുമെന്ന് പ്രോസിക്യൂഷന്‍ മുമ്പെ വിലയിരുത്തിയിരുന്നു.

എന്നിരുന്നാലും ടി.കെ സുമേഷിനു ശേഷമുള്ള വിജേഷിന്റെ കൂറുമാറ്റം പ്രോസിക്യൂഷന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യസാക്ഷി ടി.കെ സുമേഷ് കൂറുമാറിയിരുന്നു. ടി.കെ സുമേഷ് ആണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയിരുന്നത്.

കൊടി സുനി അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആദ്യ മൊഴി. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പായി നടന്ന ഗൂഢാലോചന കണ്ടെന്ന മൊഴിയാണ് തിരുത്തിയത്.

സുമേഷ് പ്രതികളാല്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. മാഹി ഇരട്ടക്കൊല കേസില്‍ കൊടി സുനിയ്‌ക്കൊപ്പം പ്രതിയാണ് ടി.കെ സുമേഷ്.

പ്രധാന പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവര്‍ അവരുടെ  സങ്കേതമായ മാഹിയിലെ സമീറ ക്വാര്‍ട്ടേഴ്‌സില്‍ സ്ഥിരമായി ഉണ്ടായിരുന്ന ആളാണ് സുമേഷ് .

ഈ കേസിലെ എട്ടാം പ്രതി കെ.സി രാമചന്ദ്രന്‍ ഈ ക്വാട്ടേഴ്‌സില്‍ വന്നെന്നും ഗൂഢാലോചന നേരില്‍ കണ്ടിരുന്നതായും സുമേഷ് മുമ്പ് പോലീസിനു മൊഴിനല്‍കിയിരുന്നു.

ഇയാള്‍ മൊഴിമാറാനുള്ള സാധ്യതയുണ്ടെന്ന് കണ്ട് മജിസ്‌ട്രേറ്റിനു മുമ്പില്‍ വെച്ചും സുമേഷിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച മാറാട് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കാന്‍ ഇയാളുടെ താമസസ്ഥലത്ത് പോലീസ്  എത്തിയെങ്കിലും കണ്ടിരുന്നില്ല.

പിന്നീട് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്കൊപ്പമാണ് സുമേഷ് എത്തിയിരുന്നത്.