എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസ്: പ്രാരംഭവാദം ഡിസംബര്‍ 12 ന് തുടങ്ങും
എഡിറ്റര്‍
Friday 30th November 2012 12:25am

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രാരംഭവാദം ഡിസംബര്‍ 12ന് തുടങ്ങും. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ ഫെബ്രുവരി ആദ്യവാരം വിചാരണനടപടിയും തുടങ്ങും.

Ads By Google

വ്യാഴാഴ്ച കേസ് പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി ആര്‍. നാരായണപ്പിഷാരടിയാണ് ഡിസംബര്‍ 12ലേക്ക് മാറ്റിയത്. ആകെയുള്ള 76 പ്രതികളില്‍ 72 പേരും കോടതിയില്‍ ഹാജരായിരുന്നു.

50ാം പ്രതി ജിഗേഷും 63ാം പ്രതി സുധീഷും കോടതിയില്‍ അവധി അപേക്ഷ നല്‍കിയിരുന്നു. 24ാം പ്രതി ടി.എം.രാഹുലിനെയും 52ാം പ്രതി മുഹമ്മദ് സഗീറിനെയും ഇനിയും പിടികിട്ടിയിട്ടില്ല. 25ാം പ്രതി രജികാന്തും 27ാം പ്രതി സി. രജിത്തും നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഡിസംബര്‍ ആറിലേക്ക് മാറ്റി.

കനത്ത സുരക്ഷാവലയത്തിലാണ് പ്രതികള്‍ കോടതിയിലെത്തിയത്. 72 പ്രതികളില്‍ 13 പേര്‍ റിമാന്‍ഡ് പ്രതികളാണ്. അവശേഷിച്ചവര്‍ ജാമ്യത്തിലിറങ്ങിയവരും.

രജികാന്തിന്റെയും രജിത്തിന്റെയും ജാമ്യഹര്‍ജിയില്‍ നടന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ ഇവര്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് വാദിച്ചു. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന പങ്കുവഹിച്ചവരാണ് ഇരുവരും.

രജിത്ത് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചയാളും പ്രധാന പ്രതികളില്‍ ഒരാളായ കൊടി സുനിക്ക് അവ കൈമാറിയ ആളുമാണ്. അഞ്ചാംപ്രതി ഷാഫിയുടെ മോട്ടോര്‍ സൈക്കിളും ഇയാള്‍ ഉപയോഗിച്ചിരുന്നു.

രജികാന്ത് ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ സ്ഥലം കാട്ടിക്കൊടുത്തു. അഞ്ചാം പ്രതി ഷാഫിയുടെ മോട്ടോര്‍ സൈക്കിള്‍ ഇയാളും ഉപയോഗിച്ചു. കോടിയേരി സര്‍വീസ് സഹകരണബാങ്കില്‍ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലെ ചെക്കാണ് കൊല നടത്തിയ സംഘം സഞ്ചരിച്ച വാടകക്കാറിന്റെ ഉടമയ്ക്ക് നല്‍കിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പോലീസ്, കോടതിയില്‍ ഹാജരാക്കിയ സി.ഡി. ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അനുവദിച്ചു. അഡ്വ. സി.കെ.ശ്രീധരന്‍, അഡ്വ. പി.കുമാരന്‍കുട്ടി എന്നിവരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.

അഡ്വ. സി.ശ്രീധരന്‍ നായര്‍, അഡ്വ. ബി.രാമന്‍ പിള്ള, അഡ്വ. പി.വി.ഹരി, അഡ്വ. കെ.അജിത്കുമാര്‍, അഡ്വ. കെ.എം.രാമദാസ്, അഡ്വ. കെ.പി.ദാമോദരന്‍ നമ്പ്യാര്‍, അഡ്വ. വി.വി.ശിവദാസന്‍ തുടങ്ങിയവര്‍ പ്രതിഭാഗത്തിന് വേണ്ടി വ്യാഴാഴ്ച കോടതിയില്‍ ഹാജരായിരുന്നു.

അസിസ്റ്റന്റ് കമ്മീഷണര്‍മാരായ കെ.ആര്‍.പ്രേമചന്ദ്രന്‍, പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസന്നാഹം ഒരുക്കിയത്. കേസിന്റെ അന്വേഷണോദ്യോഗസ്ഥരായ കെ.വി.സന്തോഷ്, എ.പി.ഷൗക്കത്തലി തുടങ്ങിയവരും കോടതിയിലെത്തി. ജില്ലയിലെ പ്രമുഖ സി.പി.ഐ.എം.നേതാക്കളും കോടതി പരിസരത്തുണ്ടായിരുന്നു.

ഒഞ്ചിയത്തെ സി.പി.ഐ.എം.വിമതനും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവുമായ ടി.പി.ചന്ദ്രശേഖരനെ മെയ് നാലിന് രാത്രിയാണ് നടുറോഡില്‍ അക്രമിസംഘം വെട്ടിക്കൊന്നത്.

Advertisement