കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പാനൂര്‍ കണ്ണംപള്ളി സ്വദേശി കുമാരനാണ് അറസ്റ്റിലായത്. ടി.പി വധത്തില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ. കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുഞ്ഞനന്തനൊപ്പം ഇയാള്‍ ബാംഗ്ലൂര്‍, പൂനെ, ബല്‍ഗാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയിരുന്നതായി പോലീസ് പറയുന്നു. കുമാരന്‍ പയ്യന്നൂരില്‍ എത്തിയതിനു ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുമാരനൊപ്പം കുഞ്ഞനന്തനും പയ്യന്നൂരിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

ഏഴ് ദിവസം തന്റെ സംരക്ഷണയിലായിരുന്നു കുഞ്ഞനന്തനെന്ന് കുമാരന്‍ മൊഴി നല്‍കി.’ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല കുഞ്ഞനന്ദന് അഭയം നല്‍കിയത്. വ്യക്തിബന്ധത്തിന്റെ പേരിലാണ് സഹായിച്ചത്.

സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എന്റെ അടുത്ത് വരികയായിരുന്നു. തന്റെ ബിസിനസ്സ് ബന്ധങ്ങള്‍ കുഞ്ഞനന്തന് താമസസൗകര്യമൊരുക്കാന്‍ എളുപ്പം സാധിച്ചു. ഞങ്ങള്‍ ഒരുമിച്ചാണ് പയ്യന്നൂരില്‍ എത്തിയത്. പിന്നീട് കുഞ്ഞനന്തന്‍ എവിടെ പോയെന്ന് അറിയില്ലെന്നും” കുമാരന്‍ വ്യക്തമാക്കി.

ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായ കുഞ്ഞനന്തന്‍ പോലീസ് തേടുന്നതറിഞ്ഞ് ഒളിവിലാണ്. പോലീസ് ഇയാള്‍ക്കെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.