Categories

മോഹനന് ശിക്ഷകിട്ടുമെന്ന് കരുതി: എങ്കിലും വിധിയില്‍ ആശ്വാസമെന്ന് ടി.പിയുടെ മാതാവ്

t.p

കോഴിക്കോട്:  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധിയില്‍ ആശ്വാസമുണ്ടെന്ന് ടി.പി.ചന്ദ്രശേഖരന്റെ മാതാവ്.

കൊടി സുനി ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരനാണെന്നു പ്രഖ്യാപിച്ച വിധിയില്‍ ആശ്വാസമുണ്ട്.

എന്നാല്‍ സി.പി.ഐ.എം നേതാവ് പി.മോഹനനും കുറ്റക്കാരനാകുമെന്നാണ് കരുതിയത്. കുറ്റക്കാര്‍ക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കണം. ഈ കുടുംബത്തിനു വന്ന അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതൈന്നും അവര്‍ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളായ എം.സി. അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഇവര്‍ക്ക് പുറമേ, സി.പി.ഐ.എം നേതാക്കളായ പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി.രാമചന്ദ്രന്‍, കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി  ട്രൗസര്‍ മനോജ്,  മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ ചൊകല്‍ മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരാണ് കുറ്റക്കാര്‍.

ജഡ്ജി ആര്‍. നാരായണപിഷാരടിയാണ് വിധി പ്രസ്താവിച്ചത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ വെറുതെ വിട്ടു. കേസിലെ പതിനാലാം പ്രതിയാണ് പി. മോഹനന്‍. പി. മോഹനന്‍ മാസ്റ്റര്‍ക്കെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ആരോപിച്ചിരുന്നത്. ഇത് നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് കോടതി മോഹനനെ വെറുതെ വിട്ടത്.