എഡിറ്റര്‍
എഡിറ്റര്‍
ടി.പി വിഷയം സി.പി.ഐ.എമ്മിലെ ആഭ്യന്തരപ്രശ്‌നമല്ല, പൊതുസമൂഹത്തിന്റെ വികാരം: വി.എം. സുധീരന്‍
എഡിറ്റര്‍
Tuesday 25th March 2014 6:25am

v.m.-sudheeran

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വിഷയത്തിലെ വി.എസിന്റെ നിലപാടുമാറ്റം സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നമാണെന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ തിരുത്തി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. വി.എസിന്റെ നിലപാടുമാറ്റം പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നമാണെന്ന് സി.പി.എം നേതാക്കളൊഴികെയുള്ള ആര്‍ക്കും കാണാനാവില്ലെന്ന് കോഴിക്കോട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ‘ദില്ലി ചലോ’ മുഖാമുഖം പരിപാടിയില്‍ സുധീരന്‍ വ്യക്തമാക്കി.

ചന്ദ്രശേഖരന്‍ വിഷയം സി.പി.ഐ.എമ്മിലെ ആഭ്യന്തരപ്രശ്‌നമല്ല, മറിച്ച് പൊതുസമൂഹത്തിന്റെ വികാരമാണ്. വി.എസ് മുമ്പ് ഉന്നയിച്ചിരുന്നത് ഈ വികാരമാണ്.

ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ, തിരുവനന്തപുരത്ത് നിരാഹാരസമരം കിടന്നപ്പോള്‍ കേസിലെ അന്താരാഷ്ട്ര ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തത് സി.പി.ഐ.എമ്മിന്റെ ആഭ്യന്തരകാര്യമാണോ എന്ന് സുധീരന്‍ ചോദിച്ചു.

സി.പി.ഐ.എം നേതാക്കളൊഴികെ മറ്റാര്‍ക്കും ഇതിനെ ആഭ്യന്തര വിഷയമായി കാണാനാവില്ലെന്നും പാര്‍ട്ടിയില്‍ ‘നിന്നു പിഴക്കാന്‍’ വി.എസ് ഈ നിലപാട് സ്വീകരിച്ചതാകുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

കസ്തൂരിരംഗന്‍ വിഷയത്തിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് ചോദ്യത്തിന് മറുപടിയായി സുധീരന്‍ പറഞ്ഞു.

‘കേരളത്തിനെതിരായ പരാമര്‍ശം ട്രൈബ്യൂണലില്‍നിന്നുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി തന്നെ അറിയിച്ചത്. കര്‍ഷകര്‍ക്ക് അനുകൂലമായി വിദഗ്ധ സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്.

നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന ട്രൈബ്യൂണല്‍ വിധി കര്‍ഷകരെ പ്രതികൂലമായി ബാധിക്കില്ലേ എന്ന ചോദ്യത്തിന്, ആ ഉത്തരവും ട്രൈബ്യൂണല്‍ വിധിയുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു സുധീരന്റെ മറുപടി. ‘കൃത്യമായി പറയണമെങ്കില്‍ വിധിപ്പകര്‍പ്പ് കാണണം. സി.പി.എമ്മിന് ഇക്കാര്യത്തില്‍ രാഷ്ട്രീയമുണ്ട്. പക്ഷേ, കോണ്‍ഗ്രസിന് അതില്ല. കര്‍ഷകരുടെ ആശങ്ക പരിഹരിക്കുകയെന്നത് കോണ്‍ഗ്രസിന്റെ ബാധ്യതയാണ്’ സുധീരന്‍ പറഞ്ഞു.

‘ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മതമേലധ്യക്ഷന്‍ അപമാനിച്ചതായി കരുതുന്നില്ല. സ്ഥാനാര്‍ഥിപോലും അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ ബിഷപ്പുമാരെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഞങ്ങളാരെയും ഭയക്കുന്നില്ല’ എന്നായിരുന്നു മറുപടി. ‘ഇടുക്കിയില്‍ പി.ടി. തോമസിന് സീറ്റ് നിഷേധിച്ചത് ഭയംകൊണ്ടല്ല, യുവനേതാവിനെ മത്സരിപ്പിക്കണമെന്ന് തോമസ് തന്നെ നിര്‍ദേശിച്ചതാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കേന്ദ്ര ഭരണത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും പാചകവാതകത്തിനും പലതവണ വില വര്‍ധിപ്പിച്ചുവെന്നത് ശരിയാണ്. ഇതിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായ വികാരം കേന്ദ്രത്തെ അറിയിച്ചതിന്റെ ഫലമായാണ് പാചകവാതക സിലിണ്ടറിന്റെ എണ്ണം 12 ആക്കിയതും ആധാര്‍ ഒഴിവാക്കിയതും. ഇതൊന്നും കാണാതെപോകരുത്-സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ നില നോക്കിയാല്‍ കേരളത്തില്‍ 1977 ആവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടമേ ആയുള്ളൂ. ഇനിയുള്ള പ്രവര്‍ത്തനങ്ങളെ ആശ്രയിച്ച് സ്ഥിതി മാറാം, മാറാതിരിക്കാം.

ഈ തെരഞ്ഞെടുപ്പില്‍ വര്‍ഗീയവാദിയായ മോഡിക്കുവേണ്ടി ആര്‍.എസ്.എസ് സര്‍വ മറയും നീക്കി പുറത്തുവന്നിരിക്കയാണ്. വര്‍ഗീയഫാഷിസ്റ്റ് ശക്തിയായ ആര്‍.എസ്.എസും മതേതരശക്തിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയും തമ്മിലാണ് പോരാട്ടം. ഇവിടെ സി.പി.ഐ.എം എവിടെ നില്‍ക്കുന്നുവെന്ന് ജനം തിരിച്ചറിയണമെന്നും സുധീരന്‍ പറഞ്ഞു.

അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ ഫാഷിസ്റ്റുകള്‍ക്ക് സഹായകമായ നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നത്. സി.പി.ഐ.എം ഇവിടെ കാഴ്ചക്കാരായി മാറേണ്ടവരല്ല. കോണ്‍ഗ്രസിനെ എതിര്‍ത്ത് മോഡിക്ക് പാതയൊരുക്കുന്ന സമീപനത്തിലൂടെ അവര്‍ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തരാവുന്ന കാലം വിദൂരമല്ലെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു.

യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. പി. ശങ്കരന്‍, ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, വൈസ് പ്രസിഡന്റ് വി.പി. രാമചന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Advertisement