എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്‍ സി.പി.ഐ.എമ്മിലേക്ക് തിരിച്ചുവരാന്‍ തയ്യാറായിരുന്നു : പിണറായി
എഡിറ്റര്‍
Thursday 7th June 2012 12:00pm

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് സി.പി.ഐ.എമ്മിലേക്ക് തിരിച്ചുവരാന്‍ ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ തയ്യാറായിരുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.

അവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ മറുപടി തരാമെന്ന് പറഞ്ഞ ചന്ദ്രശേഖരന്‍ ഏതോ കേന്ദ്രവുമായി ആലോചിച്ച ശേഷം ആ തീരുമാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വിനീഷിന്റെ കുടുംബത്തിന് സഹായനിധി കൈമാറാന്‍ പാലക്കാട്ട് പൂക്കോട്ടുകാവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒഞ്ചിയത്തു നിന്നും സി.പി.ഐ.എം വിട്ടുപോയവര്‍ തങ്ങളുടെ തെറ്റായ നിലപാടില്‍ നിന്നു മാറിയും പറ്റിയ വീഴ്ച മനസിലാക്കിയും പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയാറായിരുന്നു.

അങ്ങനെയാണ് പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുളളവരുമായി ചര്‍ച്ച നടത്തുന്നത്. ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചന്ദ്രശേഖരന്‍ ആ വാക്കില്‍ ഉറച്ചുനിന്നില്ലെന്നും വിജയന്‍ ആരോപിച്ചു.

ആരുടേയോ പ്രേരണമൂലമാണ് ചന്ദ്രശേഖരന്‍ പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതില്‍ നിന്നും പിന്‍മാറിയത്. പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ഇരു കൈയ്യും നീട്ടി ഞങ്ങള്‍ സ്വീകരിച്ചേനേ.

ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന ആഗ്രഹം കൊണ്ടു തന്നെയാണ് അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയ്യാറായത്. അത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് പോലും മുതിര്‍ന്ന ഞങ്ങളാണ് ടി.പിയെ വധിച്ചതെന്നാണ് യു.ഡി.എഫും മാധ്യമങ്ങളും പറഞ്ഞുനടക്കുന്നത്.

മാധ്യമങ്ങളും ഭരണപക്ഷവും പറയുന്നതുപോലെ ടി.പിയെ വധിക്കേണ്ട ഒരു ആവശ്യവും സി.പി.ഐ.എമ്മിന് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അത് ചെയ്യുകയുമില്ല വിജയന്‍ വ്യക്തമാക്കി.

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണത്തെയല്ല രാഷ്ട്രീയമായി തീരുമാനിച്ച് ബോധപൂര്‍വ്വം പ്രതിയാക്കാനുള്ള നീക്കത്തെയാണ് പാര്‍ട്ടി എതിര്‍ക്കുന്നത്. ചന്ദ്രശേഖരന്‍ വധത്തില്‍ യഥാര്‍ത്ഥപ്രതികളെ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കണം.

പാര്‍ട്ടി ഒരിക്കലും അന്വേഷണത്തെ തടസ്സപ്പെടുത്തില്ല. രാഷ്ട്രീയമായി തീരുമാനിച്ച് സി.പി.ഐ.എമ്മിനെ പ്രതിയാക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ മിനിറ്റിലും സി.പി.ഐ.എമ്മിനെ ആക്ഷേപിച്ച് വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളെ പാര്‍ട്ടി ഒരിക്കലും ആക്രമിച്ചിട്ടില്ല. മാധ്യമങ്ങള്‍ക്ക് മാധ്യമങ്ങളുടേതായ രീതിയുണ്ടാവണം. തെറ്റായ അജണ്ടയാണ് എതിര്‍ക്കുന്നത്.

ഒരു തെളിവുമില്ലാതെ മാധ്യമങ്ങള്‍ പാര്‍ട്ടിയെ അടച്ചാക്ഷേപിക്കുകയാണ്. അതരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും സി.പി.ഐ.എം ആക്രമിച്ചിട്ടില്ല. കോര്‍പറേറ്റ് താല്‍പര്യമുള്ള മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെ നിരന്തരം വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുകയാണെന്നും വിജയന്‍ കുറ്റപ്പെടുത്തി.

കേസന്വേഷണം തെറ്റായ രീതിയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനെ നിയമപരമായി കോടതിയില്‍ ചോദ്യം ചെയ്യും. കൊലപാതകമുണ്ടായ ഉടന്‍ പാര്‍ട്ടിയെ പ്രതിയാക്കി യു.ഡി.എഫ് നേതാക്കളും മന്ത്രിമാരും മാധ്യമങ്ങളും രംഗത്തെത്തി.

ആര്‍.എം.പിക്കാര്‍ നല്‍കുന്ന തിരക്കഥയനുസരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ക്രൂരമായ മര്‍ദ്ദനമുറകളാണ് അറസ്റ്റു ചെയ്യപ്പെട്ടവരുടെ മേല്‍ നടത്തിയത്. തെറ്റായ മൊഴി രേഖപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും വിജയന്‍ ആരോപിച്ചു.

അവസാനശ്വാസം വലിക്കുമ്പോഴും സ്വന്തം ജീവരക്തം മുക്കി ജയില്‍ച്ചവരില്‍ അരിവാള്‍ ചുറ്റിക വരച്ചിട്ട മണ്ടോടി കണ്ണനെപ്പോലെയുള്ള രക്തസാക്ഷികളുടെ ഓര്‍മ്മ ആവേശമായി ഉള്‍ക്കൊള്ളുന്നവരാണ് ഒഞ്ചിയത്തുള്‍പ്പടെയുള്ള സഖാക്കള്‍. പാര്‍ട്ടി വെല്ലുവിളിക്കപ്പെടുന്നു എന്നൊരു തോന്നല്‍വരുമ്പോള്‍ ബഹുജനങ്ങള്‍ തള്ളിവരും.

വര്‍ഗ്ഗശത്രുക്കളുടെ നീക്കത്തെ അനുവദിക്കില്ല ജനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. അനേകം പേരുടെ ജീവരക്തത്തില്‍ നിന്നും ഉയര്‍ന്നു വന്ന പാര്‍ട്ടിയെ ഒരുപോറലുമേല്‍പ്പിക്കാതെ ജനങ്ങള്‍ സംരക്ഷിക്കുമെന്നും വിജയന്‍ പറഞ്ഞു.

Advertisement