കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയില്‍ പങ്കാളികളായവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ തീരുമാനം. ഇന്നലെ കോഴിക്കോട്ട് ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

Ads By Google

കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്വേഷണസംഘം പ്രവര്‍ത്തിക്കുക. 2009ല്‍ ടി.പിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം ഈ വാരാന്ത്യത്തോടെ കോടതിയില്‍ സമര്‍പ്പിക്കാനും തീരുമാനമായി.

കോഴിക്കോട്ടെയും കണ്ണൂരിലെയും സി.പി.ഐ.എമ്മിലെ പ്രമുഖനേതാക്കള്‍ ഉള്‍പ്പെടെയുള്ള ചിലരെക്കുറിച്ച് അന്വേഷണസംഘത്തിന് നേരത്തേ സൂചന ലഭിച്ചിരുന്നു. ഈ സൂചനകളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മൊഴികളും അറസ്റ്റിലായ ചില പ്രതികളില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

എന്നാല്‍, വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതുകൊണ്ട് കുറ്റപത്രത്തില്‍ അവരെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല. തുടരന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

അന്വേഷണസംഘത്തലവനായ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സന്‍ എം.പോള്‍, യു.എസില്‍ ഹ്രസ്വകാലപരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഐ.ജി അനൂപ് കുരുവിള ജോണ്‍, അന്വേഷണസംഘത്തിലെ ഡി.വൈ.എസ്.പിമാരായ കെ.വി. സന്തോഷ്, എ.പി. ഷൗക്കത്തലി, ജോസി ചെറിയാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.