എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ന്യായമെന്ന് വി.എസ്
എഡിറ്റര്‍
Thursday 6th September 2012 12:14pm

തിരുവനന്തപുരം: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ടി.പിയുടെ ഭാര്യ കെ.കെ.രമയുടെ ആവശ്യം ന്യായമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.

ഈ ആവശ്യം അംഗീകരിച്ചുകൊടുക്കേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണെന്നും വി.എസ് പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ടി.പിയുടെ ഭാര്യ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ സംശയം ദൂരീകരിക്കേണ്ടതുണ്ടെന്നും വി.എസ് ആവശ്യപ്പെട്ടു.

Ads By Google

സി.ബി.ഐ അന്വേഷണത്തിലൂടെ രമ എന്താണ് ആവശ്യപ്പെടുന്നത് അത് സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് താന്‍ ആശിക്കുന്നുവെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ തുടരന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് രമ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ടി.പിയുടെ വധത്തിനുപിന്നില്‍ സി.പി.ഐ.എമ്മിലെ ഉന്നത നേതാക്കളുണ്ടെന്നും ഇവരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അതിനാല്‍ തുടരന്വേഷണം സി.ബി.ഐക്ക് വിടണമെന്നുമായിരുന്നു രമയുടെ ആവശ്യം. ഇതേ ആവശ്യം ആര്‍.എം.പി നേതാക്കളും കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.

ടി.പി വധം നടന്നത് സി.പി.ഐ.എമ്മിലെ ഉന്നതരുടെ അറിവോടെ തന്നെയാണെന്നും അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും രമ പറഞ്ഞു. സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയില്‍ ഏറെ സന്തോഷിക്കുന്നു. സി.ബി.ഐ അന്വേഷണം വേണമെന്ന തന്റെ ആവശ്യം അംഗീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിട്ടുണ്ടെന്നും രമ പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ നിയമവശം കൂടി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം വി.എസിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചു. കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തില്‍ ടി.പി വധത്തെക്കുറിച്ചും പാര്‍ട്ടിയിലെ മറ്റ് വിഷയങ്ങളെ കുറിച്ചും പരസ്യപ്രസ്താവന പാടില്ലെന്ന് വി.എസ് ഉള്‍പ്പെടെയുള്ള നേതാക്കളോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. പരസ്യപ്രസ്താവനയുടെ പേരില്‍ വി.എസ് പരസ്യശാസനയ്ക്കും വിധേയനായിരുന്നു.

Advertisement