എഡിറ്റര്‍
എഡിറ്റര്‍
ടി.പി ചന്ദ്രശേഖരന്‍വധം: എം.സി അനൂപ് ഒന്നാംപ്രതിയായ കുറ്റപത്രം ആഗസ്റ്റ് പത്തിന് സമര്‍പ്പിക്കും
എഡിറ്റര്‍
Saturday 4th August 2012 12:14am

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും 2009ല്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചതും ഗൂഢാലോചനയും ഒരൊറ്റ കുറ്റപത്രമായി സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.

കേസിന്റെ ബലത്തിന് ഇതാണ് കൂടുതല്‍ ഗുണകരമെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ട് സംഭവവും ഒറ്റ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Ads By Google

ആഗസ്ത് 10ന് വടകര ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ 40 പേരെയാണ് പ്രതി ചേര്‍ത്തത്. സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.മോഹനന്‍, കാരായി രാജന്‍ തുടങ്ങി ബാക്കിയുള്ളവരെ രണ്ടാംഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. കുറ്റപത്രം സമര്‍പ്പിച്ചശേഷം ഉന്നതതല ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു.

എന്നാല്‍, കേസിലെ പ്രതികളെ ഒളിപ്പിച്ച സംഭവത്തിലും സിംകാര്‍ഡ്‌ കേസിലും വെവ്വേറെ കുറ്റപത്രങ്ങള്‍ തയ്യാറാക്കും. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ പട്ടിക തയ്യാറായിട്ടുണ്ട്.

ടി.പിയെ കൊല്ലാനായി ഏഴംഗ അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ ഡ്രൈവര്‍ എം.സി അനൂപാണ് ഒന്നാംപ്രതി. കൊടിസുനി, ടി.കെ.രജീഷ്, കിര്‍മാണി മനോജ്, എം.സി.അനുപ്, ഷിനോജ്, മുഹമ്മദ്ഷാഫി, സിജിത്ത് എന്നിവരും പ്രതിപ്പട്ടികയില്‍ ആദ്യസ്ഥാനത്തുണ്ട്.

2009ല്‍ നടന്ന വധശ്രമവും കഴിഞ്ഞ മെയ്മാസം നടന്ന കൊലപാതകവും നേരത്തേ രണ്ട് കേസായിട്ടാണ് രജിസ്റ്റര്‍ചെയ്തത്. കൊലപാതകം, വധശ്രമത്തിന്റെ തുടര്‍ച്ചയായി നടന്ന സംഭവമായതിനാല്‍ ഒറ്റക്കേസാക്കുന്നതാണ് നല്ലതെന്നാണ് പോലീസിന്റെ ഭാഷ്യം.

Advertisement