എഡിറ്റര്‍
എഡിറ്റര്‍
ടി.പി ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റ് നന്മയ്ക്ക് വേണ്ടി നിലകൊണ്ട ധീരന്‍: വി.എസ്
എഡിറ്റര്‍
Monday 20th January 2014 4:10pm

vs achuthananthan

കോഴിക്കോട്: കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വലത് അവസരവാദത്തിനെതിരെ പോരാടിയ വ്യക്തിയാണ് ടി.പിയെന്ന് വി.എസ് പറഞ്ഞു.

കമ്യൂണിസ്റ്റ് നന്മയ്ക്ക് വേണ്ടി പോരാടിയ ആളെയാണ് അപായകരമായ രീതിയില്‍ കശാപ്പ് ചെയ്തത്.   കൊലയ്ക്ക് ഉത്തരവാദികളയാവര്‍ കണിശമായും തുറന്ന് കാണിക്കപ്പെടും.

ഓര്‍ക്കാട്ടേരി മലയാളം സാംസ്‌കാരികവേദി ടി.പി ചന്ദ്രശേഖരനെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയിലാണ് വി.എസ്സിന്റെ പരാമര്‍ശങ്ങള്‍.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ടി.പി കേസിലെ പ്രതികളെ സന്ദര്‍ശിച്ചത് ദുരൂഹമാണ്. ഇത് ഗൗരവമായി അന്വേഷിക്കേണ്ടതാണെന്നും വി.എസ് വ്യക്തമാക്കി.

നാല് ദിവസം മുമ്പാണ് ഡോക്യുമെന്ററിക്ക് വേണ്ടി വി.എസിന്റെ അഭിമുഖം തയ്യാറാക്കിയത്.

വലതുപക്ഷ അവസരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത കമ്യൂണിസ്റ്റുകാരനായിരുന്നു ടി.പി ചന്ദ്രശേഖരനെന്ന് കെ.കെ രമ പറഞ്ഞു. വി.എസ് ഉയര്‍ത്തിയ നിലപാടുകളില്‍ ശക്തമായി ഉറച്ച് നിന്ന കമ്യൂണിസ്റ്റുകാരനാണ് ടി.പി.

അതുകൊണ്ട് തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ടി.പി വിഷയത്തില്‍ വി.എസ് ഇതേ നിലപാടില്‍ ശക്തമായി ഉറച്ച് നില്‍ക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കെ.കെ രമ പ്രതികരിച്ചു.

ഈ മാസം 22ന് ടി.പി ചന്ദ്രശേഖരന്‍ കേസിലെ വിധി വരാനിരിക്കേയാണ് വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

36 പ്രതികളാണ് കേസിലുള്ളത്. 76 പേരെയായിരുന്നു ആദ്യഘട്ടത്തില്‍ കേസില്‍ പ്രതി ചേര്‍ത്തത്. എന്നാല്‍ ഇതില്‍ 15 പേരുടെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. 20 പേരെ തെളിവില്ലെന്ന കാരണത്താല്‍ വിട്ടയയ്ക്കുകയും ചെയ്തു. 2 പേര്‍ ഇപ്പോഴും ഒളിവിലാണ്.

 

Advertisement