എഡിറ്റര്‍
എഡിറ്റര്‍
പൈശാചികമായ കൊലപാതകം; ജനകീയ മുന്നേറ്റം പരാജയപ്പെടില്ല: ടി.എല്‍ സന്തോഷ്
എഡിറ്റര്‍
Saturday 5th May 2012 6:43pm

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ഏറ്റവും ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാവ് സഖാവ് ടി.പി. ചന്ദ്രശേഖരന്റെതെന്ന് ഇടതുപക്ഷ എകോപന സമിതി നേതാവും തളിക്കുളം സി.പി.ഐ.എം സെക്രട്ടറിയുമായ ടി.എല്‍. സന്തോഷ്. കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധവും നടുക്കവും അദ്ദേഹം രേഖപ്പെടുത്തി.

2008ല്‍ സി.പി.ഐ.എമ്മിന്റെ നയവ്യതിയാനങ്ങളോട് പ്രത്യക്ഷത്തില്‍ തന്നെ എതിര്‍ത്ത് കൊണ്ട് പാര്‍ട്ടിക്ക് പുറത്തേക്കു വന്ന ടി.പി.യെ തകര്‍ക്കാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍ അടക്കമുള്ളവര്‍ നേരിട്ടിടപെട്ടിരുന്നു എന്നു എല്ലാവര്‍ക്കുമറിയാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ജനകീയനായ പുതിയ തലമുറയില്‍ പെട്ട നേതാവായിരുന്നു അദ്ദേഹം. 1980 മുതല്‍ കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ടി.പി വളരെ ത്യാഗപൂര്‍ണമായ ഇടപെടല്‍ നടത്തി കൊണ്ടാണ് വളര്‍ന്നു വന്നത്.

സി.പി.ഐ.എം മൂലധന ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയവും ജനകീയ പ്രശ്‌നങ്ങളും കയ്യൊഴിഞ്ഞു നയവ്യതിയാനങ്ങള്‍ക്ക് വിധേയമാകുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചെറുത്തു നിന്ന അദ്ദേഹം പണത്തിനും അധികാരത്തിനും അടിമപ്പെട്ട പാര്‍ട്ടിയെയും നേതൃത്വത്തെയും തിരുത്താനവില്ലെന്ന തിരിച്ചറിവില്‍ സ്വന്തം ജനതയോടൊപ്പം ഒഞ്ചിയത്ത് പുതിയ മുന്നേറ്റത്തിനു തുടക്കം കുറിച്ച് ഒഞ്ചിയം റെവല്യുഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് രൂപം നല്‍കി.

വിപ്ലവകരമായ മാറ്റ സിദ്ധാന്തങ്ങള്‍ക്കും സംഘടനക്കുമുള്ള ശ്രമങ്ങളുടെ ഭാഗമായി കേരളത്തിലെ ഇതര ഭാഗങ്ങളിലുള്ള ഇടതുപക്ഷ ഗ്രൂപ്പുകളുമായി യോജിച്ചു ഇടതുപക്ഷ ഏകോപന സമിതി രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കി. ആദ്യം പ്രസിഡന്റും പിന്നീട് ജനറല്‍ സെക്രട്ടറിയുമായി. 2009ലെ വടകര പാര്‍ലമെന്റു മണ്ഡലത്തില്‍ നിന്നും മത്സരിച്ചു. ചന്ദ്രശേഖരനെ വ്യക്തിപരമായി ആക്രമിക്കാന്‍ പല തവണ ശ്രമിച്ചിട്ടും എല്ലാ മുന്നറിയിപ്പുകള്‍ക്കിടയിലും, പോലീസ് സംരക്ഷണം നല്‍കാമെന്നറിയിച്ചിട്ടും അത് സ്വീകരിക്കാന്‍ സന്നദ്ധനാകാതെ ജനങ്ങള്‍ തന്നെ സംരക്ഷിക്കും എന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം.

ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ജയരാജന്‍ , പി.പി. ബാലന്‍ എന്നിവരെല്ലാം ആക്രമിക്കപ്പെടുന്നതിനോടടുത്ത ദിവസങ്ങളില്‍ ഒഞ്ചിയത്ത് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ ഉന്നത നേതൃസാന്നിധ്യമുണ്ടായിരുന്നു . ഇപ്പോള്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയ സമ്മേളനത്തിന്റെ കൊടിമര ജാഥ ആക്രമിച്ചത് പിണറായി വിജയന്‍ പങ്കെടുത്ത സെമിനാറില്‍ നിന്നിറങ്ങി വന്നവരായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ ഏപ്രില്‍ 30നു ഒഞ്ചിയം രക്തസാക്ഷി ദിനത്തിനെത്തിയത് പരസ്യമായ വെല്ലുവിളിയുമായിട്ടായിരുന്നു . ഇടതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ചു ആധിപത്യം സ്ഥാപിക്കുന്നതിന് ക്രിമിനല്‍ സംഘങ്ങളെ നിയോഗിക്കുന്ന സി.പി.ഐ.എംന്റെ ഭീകര മുഖങ്ങള്‍ ഈ കൊലപാതകത്തില്‍ വെളിപ്പെടുന്നു. തലയില്‍ നിന്നാരംഭിച്ചു നെറ്റിയും കണ്ണും മൂക്കും അടക്കം മുഖം വെട്ടിക്കീറി തലച്ചോറിലെക്കെത്തുന്ന തലങ്ങും വിലങ്ങുമുള്ള മുറിവുകള്‍ സി.പി.ഐ.എം അറവു സംഘം തികഞ്ഞ കാര്‍ക്കശ്യത്തോടെ ഭീകരമായ മരണം ഉറപ്പു വരുത്തിയെന്ന് വ്യക്തമാക്കുന്നതാണ് .

ആക്രമണങ്ങള്‍ കൊണ്ടും കൊലപാതകങ്ങള്‍ കൊണ്ടും ജനകീയ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാനാവില്ലെന്ന് കമ്മുണിസ്റ്റു പ്രസ്ഥാനങ്ങളുടെ ചരിത്രാനുഭവങ്ങള്‍ താനേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ പക്ഷം ചേരുന്ന വിപ്ലവരാഷ്ട്രീയത്തെ മുന്നോട്ടു നയിക്കാന്‍ ഒഞ്ചിയം പ്രസ്ഥാനത്തിനും കേരളത്തിലെ രാഷ്ട്രീയ മനസിനും കഴിയും . കൊലയാളികളുടെ രക്ത ദാഹത്തിനു കീഴ്‌പ്പെടുന്നതല്ല ഒഞ്ചിയത്തിന്റെ രക്തസാക്ഷികളുടെ വേരുള്ള മണ്ണ്. ആക്രമികളെ ഒറ്റപ്പെടുത്തുന്ന കൂട്ടായ്മ കേരളത്തിലുടനീളം രൂപപ്പെടുത്തുന്നതിനു ഇടതുപക്ഷ ഏകോപന സമിതി മുന്‍കൈയെടുത്തു. സംഘടനകളെയും വ്യക്തികളെയും ഗ്രൂപ്പുകളെയും കൂട്ടിയിണക്കി പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കേരളത്തിലുടനീളം രൂപം കൊടുക്കുന്നതിനു ഈ സന്ദര്‍ഭം കാരണമായി തീരും .

ഇന്നത്തെ ഹര്‍ത്താലിന്റെ വമ്പിച്ച വിജയം ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമാണ്. സംഭവത്തില്‍ നിഷ്പക്ഷവും നീതി പൂര്‍ണവുമായ അന്വേഷണം അത്യാവശ്യാണ്- സന്തോഷ് വ്യക്തമക്കി.

Advertisement