കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് ചന്ദ്രശേഖരന്‍ കൊലക്കേസ് അന്വേഷണ ചുമതലയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാണ് റവല്യൂഷണി പാര്‍ട്ടി ആരോപിക്കുന്നത്. പാര്‍ട്ടിയിലെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ചന്ദ്രശേഖരനെ ഇല്ലാതാക്കാന്‍ ഇതിന് മുമ്പും സി.പി.ഐ.എം ശ്രമിച്ചിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും സി.പി.ഐ.എമ്മിനെ രക്ഷിക്കാനുള്ള ശ്രമമാണിതെന്നും ആര്‍.എം.പി നേതാക്കള്‍ ആരോപിക്കുന്നു.

അന്വേഷണ ചുമതലയുള്ള കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി എസ്. ശ്രീജിത്ത് സി.പി.ഐ.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് കെ.എസ് ഹരിഹരന്‍ ആരോപിച്ചു. ചന്ദ്രശേഖരനെ കൊന്നത് സി.പി.ഐ.എം ആണെന്നതില്‍ സംശയമില്ല. നേരത്തെ ജയകൃഷ്ണന്‍മാഷ്, ഷുക്കൂര്‍ എന്നിവര്‍ കൊല്ലപ്പെട്ടപ്പോഴും ഞങ്ങള്‍ക്ക് പങ്കില്ലയെന്നാണ് സി.പി.ഐ.എം പറഞ്ഞത്. സി.പി.ഐ.എം നടത്തിയ ഏത് കൊലപാതകമാണ് തങ്ങളാണ് ചെയ്തതെന്ന് അവര്‍ സമ്മതിച്ചിട്ടുള്ളത്. അതിനുള്ള തന്റേടം പോലും സി.പി.ഐ.എമ്മിനുണ്ടായിട്ടില്ല- ഹരിഹരന്‍ പറഞ്ഞു.

നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യു.ഡി.എഫ് നടത്തിയ കൊലപാതകമാണിതെന്ന സി.പി.ഐ.എം ആരോപണത്തെ ഏകോപനസമിതി ശക്തമായി എതിര്‍ക്കുകയും ചെയ്തു. ‘ വളരെ ആസൂത്രിതമായി നടന്ന ഒരു കൊലപാതകമാണിത്. കൊലപാതകം ആസൂത്രണം ചെയ്യുന്ന സമയത്ത് തന്നെ അതിനെ എങ്ങിനെ പ്രതിരോധിക്കാം എന്നത് സി.പി.ഐ.എം മുന്‍കൂട്ടി കണ്ടിരുന്നു. ‘ ഹരിഹരന്‍ വ്യക്തമാക്കി.

കണ്ണൂര്‍ ഡി.ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. താമരശേരി സി.ഐ ബിജുരാജാണ് ഇന്‍ക്വസ്റ്റ് നടത്തുന്നത്.
ക്രിമിനല്‍ ബന്ധം സംബന്ധിച്ച നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി ശ്രീജിത്ത്. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.ബി.ഐ.അറസ്റ്റ് ചെയ്ത െ്രെകം ബ്രാഞ്ച് ഡിവൈ.എസ്.പി. റഷീദിനെ കേസില്‍നിന്ന് ആദ്യം രക്ഷപ്പെടുത്തിയത് ഡി.ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സി.ബി.ഐ.യ്ക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ആ കേസില്‍ കൊല്ലത്തെ െ്രെകം ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന റഷീദിന്റെ പേര് കണ്ടെയ്‌നര്‍ സന്തോഷ് വെളിപ്പെടുത്തിയെങ്കിലും റഷീദിനെ കേസ് അന്വേഷിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു അന്വേഷണ ഉദ്യാഗസ്ഥനായിരുന്ന ശ്രീജിത്ത് വ്യഗ്രത കാട്ടിയത്. ഒടുവില്‍ കൊല്ലത്തെ മാധ്യമപ്രവര്‍ത്തകരും പത്രപ്രവര്‍ത്തക യൂണിയനും ഇടപെട്ടാണ് റഷീദിനെ അന്വേഷണസംഘത്തില്‍നിന്നു മാറ്റിയത്. ഉന്നത രാഷ്ട്രീയക്രിമിനല്‍ ബന്ധമുള്ള ശ്രീജിത്തിനെ ഈ കേസിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിഷ്പക്ഷമായ അന്വേഷണം അട്ടിമറിക്കാന്‍ ആണെന്നാണ് ഇടതുപക്ഷ ഏകോപന സമിതി കുറ്റപ്പെടുത്തുന്നത്.

അന്വേഷണ മേല്‍നോട്ടം െ്രെകം എ.ഡി.ജി.പി വിത്സണ്‍ .എം. പോളിനെ എല്പ്പിച്ചതായി ഡി.ജി.പി ജേക്കബ് പുന്നൂസ് മാധ്യമങ്ങളെ അറിയിച്ചു. വടകര റൂറല്‍ എസ്.പി യാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ ഡി.ഐ.ജി ശ്രീജിത്ത് അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നാ കാര്യം വ്യക്തമല്ല.

ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രിയോടൊപ്പം രമേശ് ചെന്നിത്തല കയറിയതും വിവാദമായിട്ടുണ്ട്. ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ ഇന്ത്യാവിഷന്‍ പുറത്തു വിട്ടു. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവായി വേണം ഇതിനെ കാണാന്‍.

Malayalam news

Kerala News in English