കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനോട് സി.പി.ഐ.എമ്മിലെ നേതാക്കള്‍ക്ക് കടുത്ത ശത്രുതയുണ്ടായിരുന്നുവെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ.

Ads By Google

കോഴിക്കോട് പ്രത്യേക കോടതിയിലാണ് രമ മൊഴി നല്‍കിയത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി വിസ്താരത്തിനിടെയാണ് രമയുടെ മൊഴി.

ടി.പിയെയും പ്രസ്ഥാനത്തെയും അവസാനിപ്പിക്കുമെന്ന് പി. മോഹനന്‍ പറഞ്ഞിരുന്നു. പി.മോഹനന് ടി.പിയോട് കടുത്ത ശത്രുത ഉണ്ടായിരുന്നു. ടിപിക്ക് അധികം ആയുസില്ലെന്നും മോഹനന്‍ പറഞ്ഞിരുന്നു.

ടിപിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി കത്ത് ലഭിച്ചിരുന്നു. സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് കത്തില്‍ ഉണ്ടായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പിടിച്ചു നില്‍ക്കണമെന്ന് ടി.പി പറഞ്ഞിരുന്നതായും രമ മൊഴി കൊടുത്തു.

പാര്‍ട്ടിയെ കുറിച്ച് ടി.പി പറഞ്ഞത് ആവര്‍ത്തിച്ചപ്പോള്‍ കോടതി മുറിയിലെ സാക്ഷി വിസ്താരത്തിനിടെ രമ വിതുമ്പിക്കരയുകയും ചെയ്തു.

ഒഞ്ചിയത്തു സി.പി.ഐ.എമ്മുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് ആര്‍.എം.പി എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.