ആധുനിക നേഷന്‍ – സ്റ്റേറ്റ് എന്ന സങ്കല്പം മൊത്തത്തില്‍ വൈദേശികം ആയതിനാല്‍ അത് മറന്നുകളയേണ്ട ഒന്നാണ് എന്നുതന്നെയാണോ ആര്‍. ഹരി ഉദ്ദേശിക്കുന്നത്? ജനങ്ങളെകൊണ്ട് വിസ്മരിപ്പിക്കേണ്ടത് ഇതാണോ ?


ഏറെ പോഷകസംഘടനകളുള്ള മാതൃസംഘടനയായിട്ടാണ് പൊതുവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ബി.ജെ.പിയാകട്ടെ ആര്‍.എസ്.എസിന്റെ പോഷകസംഘടന മാത്രമാണ്. ഈ കാര്യമാണ് അതിനെ മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇന്ന് ബി.ജെ.പി കേന്ദ്രത്തിലും ഏറെ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുമ്പോള്‍, അതിന്റെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ നേതൃത്വം ആര്‍.എസ്.എസിനാണെന്നു വരുന്നു. ആ അര്‍ത്ഥത്തില്‍ ഇന്ന് ഇന്ത്യയുടെ നായകത്വം, ഭരണഘടനാപരമായിട്ടല്ലെങ്കിലും ആര്‍.എസ്.എസിനാണ്.

ആര്‍.എസ്.എസിന്റെ മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍.ഹരി ഈയിടെ മൂന്നുദിവസങ്ങളിലായി കോഴിക്കോട് നടത്തിയ പ്രഭാഷണങ്ങളുടെ വീഡിയോക്ലിപ്പുകള്‍ സംഘപരിവാര്‍ സംഘടനകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ധര്‍മ്മം, സംസ്‌കൃതി, രാഷ്ട്രം എന്നീ വിഷയങ്ങളിലായിട്ടാണ് പ്രഭാഷണങ്ങള്‍ നടന്നത്. ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നിട്ടില്ലാത്ത മുന്‍കാലങ്ങളിലായിരുന്നെങ്കില്‍, ഒരു പള്ളിപ്രസംഗമെന്ന പോലെ അവഗണിക്കാമായിരുന്ന ഈ പ്രഭാഷണങ്ങള്‍ ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ശ്രദ്ധ മാത്രമല്ല, വിചാരണതന്നെ ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയുടെ രാഷ്ട്രീയജീവിതത്തിലും ബൗദ്ധികമണ്ഡലത്തിലും ആര്‍.എസ്.എസ് വലിയ സംഭാവനകളൊന്നും നല്‍കിയിട്ടില്ല. അതിന്റെ അഖിലേന്ത്യാതലത്തിലെ ബുദ്ധിജീവിവിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള മലയാളികളുടെ സാന്നിധ്യം പ്രബലമാണ്. പി.പരമേശ്വരന്‍, ആര്‍. ഹരി തുടങ്ങിയവര്‍ ഉദാഹരണം.

കേരളരാഷ്ട്രീയത്തിലെ പ്രബലചിന്താധാരയായ മാര്‍ക്‌സിസത്തോട് ഏറ്റുമുട്ടി നില്ക്കുന്നവരായതുകൊണ്ടാകാം ഇവര്‍ക്ക് സംഘടനക്കുള്ളില്‍ ബുദ്ധിജീവിപ്രാധാന്യം കൈവരുന്നത്. ഇക്കഴിഞ്ഞ കോയമ്പത്തൂര്‍ അഖിലേന്ത്യാ പ്രതിനിധി സഭയില്‍ വെച്ച് അഖില്‍ ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് എന്ന പദവി വഹിച്ചിരുന്ന മലയാളിയായ ജെ. നന്ദകുകുമാറിനു പ്രജ്ഞാ പ്രവാഹ് എന്ന സംഘടനയുടെ അഖില്‍ ഭാരതീയ സംയോജക് എന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

ആര്‍.എസ്.എസിനു കീഴില്‍ ചിന്താസംഭരണികളായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബുദ്ധിജീവിസംഘടനകളുടെ മാതൃസംഘടനയാണത്രെ പ്രജ്ഞാ പ്രവാഹ്. ജെ നന്ദകുമാറിന്റെ ഇന്റലക്ചല്‍ പ്രവര്‍ത്തനമികവും സംഭാവനകളും സംഘടനക്ക് പുറത്ത് അത്ര പരിചിതമല്ല. എങ്കിലും കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന ‘ചുവന്ന ഭീകരത’യെക്കുറിച്ച് ഇപ്പോള്‍ അഖിലേന്ത്യാതലത്തില്‍ നടന്നുവരുന്ന ആര്‍.എസ്.എസ് ക്യാമ്പയിനു ഇദ്ദേഹമാണ് ചുക്കാന്‍ പിടിക്കുന്നത്. ഇടതുചിന്താധാരകളെ എതിരിടുന്നതിനു ആര്‍.എസ്.എസ് കാണിക്കുന്ന ഔത്സുക്യം എടുത്തുകാണിക്കാന്‍ മാത്രമാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്.

വന്ദ്യവയോധികനായ ആര്‍. ഹരി ‘രാഷ്ട്രം’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണം ഇടതുവീക്ഷണത്തില്‍ പരിശോധിക്കാനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്. ഇതേവിഷയം പ്രതിപാദിക്കുന്ന ‘രാഷ്ട്രവിചിന്തനം വേദങ്ങളില്‍’ എന്ന ശ്രീപാദ ദാമോദര്‍ സാത്വലേക്കറുടെ കൃതി അദ്ദേഹം തന്നെ മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. രാഷ്ട്രം എന്ന വിഷയത്തെ അധികരിച്ച് ധാരാളം എഴുത്തുകള്‍ സംഘപരിവാര്‍ സംഘടനകളുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

ആര്‍.എസ്.എസിന്റെ ആശയാവലികളില്‍ സുപ്രധാനമായ സ്ഥാനമാണ് ‘രാഷ്ട്ര’ത്തിനുള്ളത്. ഈ വാക്കിന്റെ ശരിയായ അര്‍ത്ഥവ്യാപ്തി പ്രകാശിപ്പിക്കുവാന്‍ ഇംഗ്ലീഷിലെ ‘nation’ പോലുള്ള വാക്കുകള്‍കൊണ്ടാവില്ല എന്ന് ബി.ജെ.പി പ്രസിഡണ്ട് അമിത് ഷാ കുറച്ചുമുമ്പ് പ്രസ്താവിച്ചിരുന്നു. സെക്കുലറിസം പോലുള്ള വാക്കുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ദേശീയതയെക്കുറിച്ചുള്ള സംവാദത്തില്‍ രാജ്യം മൊത്തത്തില്‍ തങ്ങള്‍ക്കൊപ്പമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ആര്‍. ഹരിയുടെ പ്രഭാഷണം മുന്‍നിര്‍ത്തി മാത്രമാണ് ഈ ലേഖനത്തില്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രസംങ്കല്പത്തെ പരിശോധിക്കാന്‍ ശ്രമിക്കുന്നത്.

‘വിസ്മരിപ്പിക്കേണ്ട ഇന്നത്തെ പഠിപ്പ്’

ആര്‍ ഹരി തന്റെ പ്രഭാഷണം ഉപസംഹരിക്കുന്ന ഭാഗത്ത് ശ്രീശങ്കരാചാര്യര്‍ അമരിപന്‍ എന്ന രാജാവിന്റെ ദേഹത്ത് ആത്മപ്രവേശനം നടത്തിയ കഥ വിവരിച്ചതിനുശേഷം പറയുന്നതിങ്ങനെയാണ്, ‘ശാരീരികമായിട്ടും സ്ഥാനപരമായിട്ടും ബന്ധത്തിന്റെ അടിസ്ഥാനത്തിലും അതേ അളവിലുള്ള രാജാവ് വാഴുന്നെങ്കിലും അസ്മിതയുടെ പേരില്‍, ചിതിയുടെ പേരില്‍, അമരിപന്‍ അമരിപന്‍ അല്ലാതായി. അമരിപന്റെ അസ്തിത്വം തുടരുന്നു . അസ്മിത നശിച്ചു. ഇതുപോലെയാണ് ഭാരതരാഷ്ട്രത്തിന്റെ സ്വത്വം നശിച്ചാല്‍ ഭാരതവും. അപ്പോള്‍ നമ്മള്‍ മറ്റേ രാഷ്ട്രങ്ങളുടെ ഒരു പതിപ്പായി മാറും. ഇതു മാറാതിരിക്കാന്‍ വേണ്ടിയിട്ടാണ് രാഷ്ട്രത്തിന്റെ സ്വത്വം മനസ്സിലാക്കണം, അതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ദര്‍ശനങ്ങളെ മനസ്സിലാക്കണം എന്നൊക്കെ പറയുന്നത്. ഈ സങ്കല്പമാണ് വാസ്തവത്തില്‍ നമ്മുടെ രാഷ്ട്രസങ്കല്പം. ഈ സങ്കല്പം എല്ലാവരുടെയും മനസ്സില്‍ കടത്തിവിടാന്‍ വളരെ ക്‌ളേശകരമായ പ്രബോധനം ആവശ്യമാണ്. ഇന്നത്തെ പഠിപ്പ് വിസ്മരിപ്പിക്കണം. എന്നിട്ടിത് പഠിപ്പിക്കേണ്ടിവരും എന്നാലേ നമുക്കിത് സാധിക്കൂ. പക്ഷെ ഇതു ചെയ്യാതെ നിവൃത്തിയില്ല. അപ്പോള്‍ നമ്മള്‍ പറയുന്ന രാഷ്ട്രസങ്കല്പമെന്ത് എന്നു ചോദിച്ചാല്‍ ഇതാണ്.’

‘ഇന്നത്തെ പഠിപ്പ്’ എന്നുദ്ദേശിച്ചത്, ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവരുടെ പഠിപ്പാണ്. 1947ലെ ‘ആ സംഭവ’ത്തിനുശേഷം ഇവിടെ നടപ്പായ ‘പാശ്ചാത്യദേശീയത’യാണത്. ആ ദേശീയതയെ പരിശോധിക്കാന്‍ പ്രഭാഷണത്തില്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരംഭത്തില്‍ തന്നെ പ്രഭാഷകന്‍ പറയുന്നുണ്ട്. തൊട്ടും തൊടാതെയുമാണ് മുന്നോട്ടു പോകുക. വേണമെന്നുള്ളവര്‍ക്ക് സ്വന്തം നിലയ്ക്ക് പിന്നീട് പഠിക്കാം.

എങ്കിലും വിഷയാവതരണത്തിന്റെ ഭാഗമായി പ്രഭാഷകന്‍ ‘പാശ്ചാത്യദേശീയത’യെ കൂടുതല്‍ പരിചയപ്പെടുത്തുന്നുണ്ട്. അതിങ്ങനെയാണ് : ‘പാശ്ചാത്യ ദേശീയതയുണ്ടല്ലോ, ആ ദേശീയത മൊത്തത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയദേശീയതയാണ്. അതില്‍ പൊളിറ്റിക്കല്‍ ഇംപോര്‍ട്ടന്‍സ് – അതാണ് വാസ്തവത്തില്‍ ഉള്ളത്. രാഷ്ടീയദേശീയതയാണ്. ആ ദേശീയത റിയാക്ഷണറി ദേശീയതയാണ്. പ്രതിക്രിയാത്മകമായിട്ട് വന്നതാണ്.’

യൂറോപ്പിനെ അടക്കിഭരിച്ച പോപ്പിനോടും ഫ്രഞ്ച് വിപ്ലവത്തിനുശേഷം ഫ്രാന്‍സ് ഭരിച്ച നെപ്പോളിയന്റെ യൂറോപ്യന്‍ അധിനിവേശത്തോടും യൂറോപ്പിലെ ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ പ്രതിക്രിയാത്മകമായി പോരാടിയാണ് യൂറോപ്പില്‍ നേഷണല്‍ സ്റ്റേറ്റുകള്‍ ഉണ്ടായത് എന്ന് വിവരിക്കുകയാണ് പ്രഭാഷകന്‍. അത്യന്തികാമായി പേപ്പല്‍ വാര്‍സും നെപ്പോളിയോണിക് വാര്‍സുമാണ് നേഷന്‍ സ്റ്റേറ്റുകളുടെ ഉദ്ഭവകാരണം. യൂറോപ്യന്‍ ദേശീയതയെ ഭര്‍ത്സിക്കുന്നത് അദ്ദേഹം തുടരുന്നു: ‘യൂറോപ്യന്‍ നേഷണലിസം പ്രതിക്രിയാത്മകമാണ്. റിയാക്ഷ്ണറിയാണ്. രണ്ടാമത്, മറ്റെന്തിനോടോ വിരോധമുള്ളതാണ്. ആനിമോസിറ്റിയാണ് അതിന്റെ ബെയ്‌സ്. മൂന്നാമത്തേത് അത് പൊളിറ്റിക്കലാണ്. നാലാമത്തേത് അത് യുദ്ധോത്സുകമാണ്. പ്രിഡേറ്റീവ് ആണ്. യുദ്ധത്തിനു പ്രേരിപ്പിക്കുന്നത് ആണ്. അപ്പോള്‍ ഈ തരത്തിലുള്ളതാണ് അവിടത്തെ നേഷണലിസം. അപ്പോള്‍ ശരിക്ക് പറഞ്ഞാല്‍, പൊളിറ്റിക്കല്‍ നേഷണലിസം, പ്രിഡേറ്ററി നാഷണലിസം, റിയാക്ഷണറി നാഷണലിസം, ട്രൈബല്‍ നേഷണലിസം, ആ തരത്തില്‍ നോക്കിയാല്‍ ആന്റഗോണിസ്റ്റിക് നാഷണലിസം. അത് ആര്‍ക്കോ എതിരെ നമ്മുടെ മാനം കാക്കാന്‍ വേണ്ടി. ഇതാണ് യൂറോപ്യന്‍ നേഷണലിസത്തിന്റെ പൊതുസ്വഭാവം.’

‘ആ സ്വഭാവം നോക്കാതെയാണ് നമ്മള്‍ ഇന്ത്യയില്‍ പൊളിറ്റിക്‌സ് പഠിക്കുന്ന സ്റ്റുഡന്റ്സ് എല്ലാവരും ഈ പറയുന്ന നേഷണലിസത്തിന്റെ ഒരു പറിച്ചുനടീലാണ് ഇവിടെ എന്നു വിചാരിച്ചിട്ട് അതുപോലെ പറയുന്നത്. ഈ സെക്കുലര്‍ നേഷണലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും ഈ നേഷണലിസത്തെ എതിര്‍ക്കാന്‍ കാരണം, ഈ യൂറോപ്പിലെപോലെ നേഷണലിസം വരും എന്നു വിചാരിച്ചിട്ടാണ്. അപ്പോള്‍ ഇതാണ് പാശ്ചാത്യനേഷണലിസത്തിന്റെ പൊതുസ്വഭാവം.,’ അദ്ദേഹം തുടരുന്നു. ‘… ഇന്ത്യന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവര്‍, ആ ദേശീയതയുടെ അളവുകോല് വെച്ച് നമ്മുടെ ദേശീയതയെ അളക്കുന്നവര്‍ ഈ വിഡ്ഢിത്തമാണ് ചെയ്യുന്നത്. അപ്പോള്‍ നമ്മള്‍ വാസ്തവത്തില്‍ പശ്ചാത്യദേശീയത മറക്കണം. നമ്മള്‍ പഠിച്ച പഠിപ്പ് മറന്നിട്ട്, ഇവിടെ ചിന്തിക്കുമ്പോഴാണ്, നമുക്ക് നമ്മുടെ ദേശീയത മനസ്സിലാവുകയുള്ളൂ. സത്യം.’

 

‘നമ്മള്‍ പഠിച്ച പഠിപ്പായ’ പാശ്ചാത്യദേശീയതയെ നമ്മള്‍ മറക്കണം എന്ന കാര്യത്തില്‍ ഇദ്ദേഹത്തിനു വാശിയാണ്. സത്യത്തില്‍ എന്തിനെയാണ് നമ്മള്‍ മറക്കണം എന്ന് പറയുന്നത്, അതുപോലെ എന്തുകൊണ്ടാണ് നമ്മോട് മറക്കാന്‍ പറയുന്നത് എന്ന പരിശോധന ഇവിടെ ആവശ്യമാണ്. സംഘപരിവാര്‍ സംഘടനകളുടെ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോയ ആളുകളുടെ എണ്ണം കൂടിവരുന്നു എന്നുള്ളതുകൊണ്ടാണ് ഇത് ആവശ്യമായി വരുന്നത്. അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ലളിതമായി വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ആധുനികാശയങ്ങളുടെ ഉദ്ഭവചരിത്രം

ആര്‍. ഹരി നമ്മോട് മറക്കാനാവശ്യപ്പെടുന്നത് ആധുനികതയുടെ മൂല്യങ്ങളെയാണ്. ആധുനിക കാലഘട്ടത്തിനു തുടക്കമിടുന്നത് യൂറോപ്പാണെങ്കിലും അതു പുതിയ യുഗമായി പരിവര്‍ത്തനപ്പെടുകയും അതിനു സാര്‍വ്വലൗകികമാനം അതിവേഗം കൈവരുകയും ചെയ്തു. എന്നുവെച്ചാല്‍ ഭൂമുഖത്തെ ഒരു മനുഷ്യനും അതിന്റെ സ്വാധീനത്തില്‍ വിട്ടുനില്ക്കാനാവില്ല എന്നതാണ് സ്ഥിതി. ഭാരതത്തിനും ഇതില്‍നിന്ന് വിട്ടുനില്ക്കാനാവില്ല.

ആധുനികത യൂറോപ്പില്‍ ഉദ്ഭവിച്ചതിന്റെയും സാര്‍വ്വദേശീയതലത്തില്‍ അതു വരുത്തിയ പരിണാമങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ദേശീയതലത്തിലാകട്ടെ, ആധുനികാശയങ്ങള്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ പരിശോധിച്ചാലും ഇന്ത്യന്‍ ജനത നടത്തിയ ഏറ്റവും മഹത്തായ ചരിത്രമുന്നേറ്റങ്ങളായി അവ മനസ്സിലാക്കപ്പെടുകയും ചെയ്യും. ഇതു വര്‍ത്തമാനകാലത്തിന്റെ ചരിത്രമാണ്. കണ്‍മുമ്പിലെ ഈ യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടക്കുകയും ഭൂതകാലത്തോട് കാല്പനികമായ അഭിനിവേശം കാണിക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഫാസിസത്തിന്റെ രാഷ്ട്രീയസ്വഭാവമാണിതെന്നാണ് പരിശോധനയില്‍ നമുക്ക് ബോധ്യപ്പെടുക.

ഇന്ത്യ ഏറെക്കാലം ലോകത്തിനു മുന്നേ സഞ്ചരിക്കുകയും ലോകത്തിനു വെളിച്ചമായി നില്‍ക്കുകയും ചെയ്ത രാജ്യമായിരുന്നു. എന്താണ് ഇന്ത്യക്ക് ഈ ശേഷി നല്‍കിയത് എന്ന ചോദ്യത്തിനു ആത്മീയത എന്ന തെറ്റായ ഉത്തരം ചിലര്‍ നല്‍കാറുണ്ട്. അതല്ല സത്യം.

പുരാതനശിലായുഗത്തിന്റെയും നവീനശിലായുഗത്തിന്റെയും ഉല്പാദനരീതികള്‍ യഥാക്രമം പെറുക്കിത്തിന്നുക, വേട്ടയാടല്‍ എന്നിവയായിരുന്നു. വെങ്കല, ഇരുമ്പ് യുഗങ്ങളിലാണ് കാലിവളര്‍ത്തല്‍, കൃഷി തുടങ്ങിയ ഉല്പാദനരീതികളിലേക്ക് സമൂഹം കടക്കുന്നത്. കാട്ടില്‍ ഗോത്രങ്ങളായി കഴിഞ്ഞിരുന്ന മനുഷ്യര്‍ കാര്‍ഷികസമ്പദ്ഘടന സ്ഥാപിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ഥിരവാസമുറപ്പിക്കുന്ന പ്രക്രിയ ലോകത്ത് ഏറ്റവുമാദ്യം നടക്കുന്ന സമൂഹം ഇന്ത്യയിലേതാണ്. ഈ പരിണാമദശയിലാണ് മനുഷ്യസംസ്‌കാരത്തിന്റെ ആദ്യാടയാളങ്ങളായി ഭാഷ, സാഹിത്യം, കല, തത്വചിന്ത, മതങ്ങള്‍, രാജ്യഭരണങ്ങള്‍ തുടങ്ങിയവ ഉടലെടുക്കുന്നത്. ഇന്ത്യയുടെ ഈ മേഖലകളിലെ ഔന്നത്യത്തിന്റെ കാരണമിതാണ്.

എന്നാല്‍, കാര്‍ഷികമായ അല്ലെങ്കില്‍ ഫ്യൂഡല്‍ ആയ ഒരു വ്യവസ്ഥയില്‍ നിന്ന് വ്യാവസായിക, അല്ലെങ്കില്‍ മുതലാളിത്തവ്യവസ്ഥയിലേക്ക് മനുഷ്യന്‍ കടക്കുന്നതിന്റെ രംഗഭൂമിയായത് യൂറോപ്പാണ്. 15 മുതല്‍ 19ആം നൂറ്റാണ്ടുവരെ നിലനിന്ന വളരെ കലുഷിതമായ ചരിത്രപ്രക്രിയകളിലൂടെയാണ് ഈ പരിണാമം നടക്കുന്നത്. പുതിയ ഉല്പാദകവര്‍ഗ്ഗമായി മുതലാളിമാര്‍ രംഗത്തു വന്നത് ഫ്യൂഡല്‍ അധികാരഘടനയില്‍ വിള്ളലുണ്ടാക്കി. ഫ്യൂഡല്‍ പ്രഭുക്കളുടെ പരസ്പരമുള്ള കുടിപ്പകകള്‍ കാരണം രാജാവ് പുത്തന്‍ മുതലാളിവര്‍ഗ്ഗവുമായി കൂട്ടുകൂടുന്ന അവസ്ഥപോലുമുണ്ടായി.

ബ്രിട്ടണിലെ കോണ്‍സ്റ്റിറ്റിയൂവന്റ് മോണാര്‍ക്കികള്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. ജീവിതത്തിന്റെ സമസ്തമേഖകളും മാറ്റിപ്പണിയുന്ന രീതിയില്‍ ചെറുതും വലുതുമായ വിപ്ലവങ്ങളുടെ പരമ്പരതന്നെ അരങ്ങേറി. റിഫോര്‍മേഷന്‍, റിനൈസന്‍സ്, ജ്ഞാനോദയം എന്നിത്യാദി പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി നടന്ന 1792ലെ റിപ്പബ്ലിക് പ്രഖ്യാപനം മനുഷ്യചരിത്രത്തിലെ പുതിയ യുഗത്തിനു നാന്ദിയായി. റിപ്പബ്ലിക്കിനു ഏറെ നാള്‍ പിടിച്ചുനില്ക്കാന്‍ കഴിയാത്തതിനാല്‍ ബൂര്‍ഷ്വാസി തന്നെ അധികാരസ്ഥാനത്ത് നെപ്പോളിയന്‍ എന്ന ചക്രവര്‍ത്തിയെ അവരോധിച്ചു.

ലോകത്തെങ്ങും രാജഭരണത്തിനു അറുതിവരുന്ന പ്രക്രിയയ്ക്ക് ഫ്രഞ്ച് വിപ്ലവം തുടക്കം കുറിച്ചു. നിയമവാഴ്ച, പൗരത്വാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍ , ജനാധിപത്യം, മതേതരത്വം, ദേശീയത, തെരഞ്ഞെടുപ്പ്, ജനസഭകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയ ഭരണഘടനകളും ജനകീയറിപ്പബ്ലിക്കുകളും നിലവില്‍ വരാന്‍ തുടങ്ങി. വിദ്യാഭ്യാസം, ചികിത്സ, ഗതാഗതം തുടങ്ങിയവ പൊതുസേവനങ്ങളാക്കപ്പെട്ടു.

ശാസ്ത്രവും സാമൂഹ്യശാസ്ത്രവും മനുഷ്യചിന്തയില്‍ മേല്‍ക്കൈ നേടി. മതവിശ്വാസങ്ങള്‍ക്ക് സ്വാധീനം നഷ്ടമാകാന്‍ തുടങ്ങി. മതത്തിന്റെ സ്ഥാനം ശാസ്ത്രവും വിശ്വാസത്തിന്റെ സ്ഥാനം യുക്തിയും സ്വത്വത്തിന്റെ സ്ഥാനം പൗരത്വവും ഏറ്റെടുത്തു. മതപൗരോഹിത്യത്തിനും പ്രഭുക്കന്മാര്‍ക്കുമുള്ള പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയപ്പെട്ടു. ഫ്യൂഡലിസം റദ്ദ് ചെയ്യപ്പെട്ടു. ലിബറലിസം, നേഷണലിസം, റാഡിക്കലിസം, സോഷ്യലിസം, സെക്കുലറിസം കമ്മ്യൂണിസം തുടങ്ങിയ ആധുനിക രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെല്ലാം ഫ്രഞ്ച് വിപ്ലവത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നവയാണ്. ഇങ്ങ് കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാവായി മാറിയ ഇഎംഎസ് നമ്പൂതിരിപ്പാട് ആദ്യമായെഴുതിയ രാഷ്ടീയലേഖനം ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചായിരുന്നുവത്രെ.

ആഗോളതലത്തില്‍ മുതലാളിത്ത ഉല്പാദനവ്യവസ്ഥയുടെ സംഘടനാരൂപമായി ആധുനിക നേഷന്‍ -സ്റ്റേറ്റ് വ്യവസ്ഥ നിലവില്‍ വരുകയും ചെയ്തു. ദേശീയത മാത്രമല്ല അതിന്റെ അടിത്തറ. പൗരാവകാശങ്ങള്‍, നിയമവാഴ്ച, ജനാധിപത്യം, സെക്കുലറിസം തുടങ്ങിയവയെല്ലാം അതിന്റെ അടിസ്ഥാനാശയങ്ങളാണ്. ഉദാഹരണത്തിനു സെക്കുലറിസം കൂടാതെ ജനാധിപത്യത്തിന് നിലനില്ക്കാനാവില്ല. കാരണം സെക്കുലറിസം അംഗീകരിക്കാതെ ഏതെങ്കിലും മതത്തെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചാല്‍, ആ മതത്തില്‍ പെട്ടവര്‍ക്ക് സവിശേഷാധികാരങ്ങള്‍ കൈവരും. ഇതു പൗരത്വാവകാശസങ്കല്പത്തിനു എതിരാണ്. ജനാധിപത്യത്തിനും എതിരായി വരും. ലോകത്ത് ഔദ്യോഗികമതം പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങളിലെല്ലാം ജനാധിപത്യം ഹനിക്കപ്പെട്ടിട്ടുണ്ടെന്ന് കാണാം.

ആധുനിക നേഷന്‍ – സ്റ്റേറ്റ് എന്ന സങ്കല്പം മൊത്തത്തില്‍ വൈദേശികം ആയതിനാല്‍ അത് മറന്നുകളയേണ്ട ഒന്നാണ് എന്നുതന്നെയാണോ ആര്‍. ഹരി ഉദ്ദേശിക്കുന്നത്? ജനങ്ങളെകൊണ്ട് വിസ്മരിപ്പിക്കേണ്ടത് ഇതാണോ ?

ഇന്ത്യന്‍ ഐഡിയോളജി

ഇന്ത്യന്‍ ജനത നടത്തിയ ഏറ്റവും മഹത്തായ ചരിത്രമുന്നേറ്റം ഏതാണ്? ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കില്‍ നിസ്സംശയം മറുപടി ലഭിക്കും: 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. നൂറ്റാണ്ടുകള്‍ നിലനിന്ന കോളനിഭരണത്തിനറുതി വരുത്താന്‍ ഇന്ത്യന്‍ ജനത ദേശീയപ്രസ്ഥാനത്തിനു രൂപം കൊടുക്കുകയും അതിന്റെ നേതൃത്വത്തില്‍ ഗാന്ധിജി വരികയും സ്വാതന്ത്ര്യാനന്തരം ഇന്ത്യ 1950 ല്‍ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതുമായ ചരിത്രസംഭവമാണ് ഇന്നത്തെ ഇന്ത്യക്ക് ആധാരം.

ജനാധിപത്യം, മതേതരത്വം, ദേശീയത, സോഷ്യലിസം തുടങ്ങിയ ആധുനികമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ആധുനിക പൗരാവകാശസമൂഹമായും ഒരു ആധുനിക നേഷന്‍ – സ്റ്റേറ്റ് ആയും മാറിത്തീരാനുള്ള ദൗത്യം ഇന്ത്യന്‍ ദേശീയപ്രസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ രാജഭരണങ്ങള്‍ അവസാനിപ്പിക്കപ്പെടുകയും അവ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. ചരിത്രത്തില്‍ മുമ്പൊരിക്കലും ഇന്ത്യയില്‍ ഇത്രയും ഭൂവിഭാഗം ഒരു ഭരണസംവിധാനത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടില്ല.

ഇന്ത്യന്‍ ജനതയുടെ സര്‍ഗ്ഗാത്മകതയും സക്രിയതയും മുന്നോട്ടുകൊണ്ടുവന്ന ഒരു ചരിത്രപ്രക്രിയയായിരുന്നു ഇത്. നിശ്ചലമായ സാമൂഹ്യാവസ്ഥയും ചരിത്രവുമുള്ള നിഷ്‌ക്രിയ ജനത എന്ന ദുഷ്പേര് ഇന്ത്യന്‍ ജനതയ്ക്ക് ഉണ്ടായിരുന്നു എന്നുകൂടി ആലോചിക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമാവുക. പെറി ആന്‍ഡേഴ്സണെ പോലുള്ള ബുദ്ധിജീവികള്‍ ഈ ചരിത്രപ്രക്രിയയെ ‘ഇന്ത്യന്‍ ഐഡിയോളജി’ എന്നാണ് നാമകരണം ചെയ്യുന്നത്. ‘ഇന്ത്യ എന്ന ആശയം’ എന്ന നിലയിലും ഈയിടെയായി ഇത് പരാമര്‍ശിക്കപ്പെടുന്നു.

ആര്‍. ഹരി നമ്മോട് ആവശ്യപ്പെടുന്നത്, ഈ ‘ഇന്ത്യന്‍ ഐഡിയോളജി’യെ നമ്മള്‍ മറക്കണം എന്നാണ്. കാരണം അത്, സെക്കുലര്‍ ആണ്. അത് ‘ഇറക്കുമതി ചെയ്യപ്പെട്ട പാശ്ചാത്യദേശീയത’യെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അത് സനാതന ധര്‍മ്മത്തെ ആധാരമാക്കുന്നില്ല.

ഈ കാലഘട്ടത്തിന്റെ ‘ഇന്ത്യന്‍ ഐഡിയോളജി’യെ പടുത്തുയര്‍ത്താന്‍ ഇന്ത്യന്‍ ജനത സമരം നടത്തുമ്പോള്‍, ആര്‍.എസ്.എസ് ഉള്‍പ്പെട്ട ഹിന്ദുത്വരാഷ്ടീയ ശക്തികള്‍ എന്താണ് ചെയ്തത്? ‘ഇന്ത്യന്‍ ഐഡിയോളജി’യെ ഹിന്ദുത്വരാഷ്ട്രീയശക്തികള്‍ എല്ലാക്കാലത്തും എതിര്‍ക്കുകയാണ് ചെയ്തത് എന്നുമാത്രമല്ല, അവ ഉണ്ടായതുതന്നെ, ‘ഇന്ത്യന്‍ ഐഡിയോളജി’യ്‌ക്കെതിരായ കൗണ്ടര്‍ മൂവ്മെന്റായാണ് എന്നാണ് നമുക്ക് തിരിച്ചറിയാനാവുക.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഇന്ത്യാക്കാരുടെ സ്വയംഭരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ വികസിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തിനുശേഷമാണ്. മോംടേഗു – ചെംസ്ഫോഡ് ഭരണപരിഷ്‌ക്കരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുകയും 1919ല്‍ ഗവര്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കപ്പെടുകയുമുണ്ടായി.

പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ പോലുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സഭകളും മറ്റും തുടര്‍ന്ന് നിലവില്‍ വന്നു. ഭാവി ഇന്ത്യയെക്കുറിച്ചുള്ള, അതിന്റെ ആധാരശിലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ട കാലമാണിത്. ആധുനിക നേഷന്‍ – സ്റ്റേറ്റിന്റെ ആധാരശിലകളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ദേശീയപ്രസ്ഥാനം സ്വീകരിക്കുകയുണ്ടായി.

പിന്നീട് കൈവന്ന വ്യക്തതയോടെ ആയിരുന്നില്ല അത്. എന്നാല്‍ അവയ്‌ക്കെതിരെ, മതമാണ്, ഹിന്ദു ധര്‍മ്മമാണ്, ഭാരതീയസംസ്‌കാരമാണ് ഇന്ത്യന്‍ ദേശീയതയുടെ ആധാരമെന്ന് പറഞ്ഞുകൊണ്ടാണ് 1925 ല്‍ ആര്‍.എസ്.എസ് രൂപപ്പെടുന്നത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ എതിര്‍ദിശയിലാണ് അത് പ്രവര്‍ത്തിച്ചത്.

ആര്‍.എസ്.എസും മറ്റു ഹിന്ദുത്വരാഷ്ട്രീയ വിഭാഗങ്ങളും ബ്രിട്ടന്റെ കോളനിവാഴ്ചക്കെതിരായ രാഷ്ട്രീയസമരങ്ങളില്‍ പങ്കെടുത്തില്ല. ക്വിറ്റ് ഇന്ത്യാസമരകാലത്ത് കോണ്‍ഗ്രസ്സിന്റെ പ്രൊവിന്‍ഷ്യല്‍ മന്ത്രിസഭകള്‍ രാജിവെച്ചപ്പോള്‍ പകരം മന്ത്രിസഭകള്‍ ഉണ്ടാക്കിയത് ഈ വര്‍ഗ്ഗീയശക്തികളാണ്.

ദേശീയപ്രസ്ഥാനം ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി നിലകൊണ്ടപ്പോള്‍, ഹിന്ദു – മുസ്‌ലിം വര്‍ഗ്ഗീയലഹളകളിലാണ് ഹിന്ദുത്വശക്തികള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. വിഭജനത്തെ തുടര്‍ന്ന് ഹിന്ദു – മുസ്‌ലിം വര്‍ഗ്ഗീയലഹളകള്‍ വ്യാപകമായി അരങ്ങേറിയ ഘട്ടമാണ് ഈ ശക്തികള്‍ ചരിത്രത്തില്‍ ഏറ്റവും സജീവമായി മുന്നോട്ടുവന്നിട്ടുണ്ടാവുക. ഗാന്ധിജിയുടെ വധത്തിനു പിന്നില്‍ ഈ ശക്തികളായിരുന്നു. നാട്ടുരാജ്യങ്ങളുടെ സംയോജനപ്രക്രിയ നടക്കുമ്പോള്‍ ഈ ശക്തികള്‍ നാട്ടുരാജ്യങ്ങള്‍ക്കൊപ്പം നിന്നു. ഇന്ത്യാ ചരിത്രത്തില്‍ നിഷേധാത്മകചരിത്രമാണ് ഹിന്ദുത്വരാഷ്ട്രീയശക്തികള്‍ക്ക് ഏറെയുമുള്ളത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ വര്‍ഗീയ കലാപങ്ങളും ബാബറി മസ്ജിദ് തകര്‍ത്തതുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.

 

ഇന്ത്യന്‍ ഫാസിസം

‘ഇന്ത്യന്‍ ഐഡിയോളജി’ അല്ലെങ്കില്‍, ‘ഇന്ത്യ എന്ന ആശയം’ ഇന്ന് പ്രതിസന്ധിയെ നേരിടുകയാണ്. ആഗോളവല്‍ക്കരണമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം വികസിതമായ സ്വാശ്രിത സമ്പദ്വ്യവസ്ഥ പടുത്തുയര്‍ത്താനാണ് ഇന്ത്യന്‍ ഭരണകൂടം ശ്രമിച്ചത്. ഇത് അധികമൊന്നും മുന്നോട്ട് പോയില്ല. ജനങ്ങളുടെ ദാരിദ്യവും കഷ്ടതകളും മുമ്പുള്ളപടിതന്നെ തുടര്‍ന്നു. 1991 മുതല്‍ ഘടനാക്രമീകരണപരിപാടികള്‍ നടപ്പാക്കപ്പെട്ടു. ആഗോള ഫൈനാന്‍സ് മൂലധനശക്തികള്‍ക്ക് കൂടുതല്‍ അധികാരാവകാശങ്ങള്‍ ലഭ്യമായി.

ഇതിന്റെ ഫലമായി നേഷന്‍ – സ്റ്റേറ്റ് ദുര്‍ബലമായി എന്നാണ് കരുതപ്പെടുന്നത്. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങുമുള്ള അവസ്ഥയാണ്. ഇതുകാരണം ‘ഇന്ത്യന്‍ ഐഡിയോളജി’ പ്രകാരമുള്ള അജണ്ടകള്‍ മുന്നോട്ടുകൊണ്ടുപോകാനാവാതെ വന്നു. അതിനെ പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസ്സ് പോലുള്ള രാഷ്ടീയപാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്ന് അകന്ന് ദുര്‍ബലമായി.

ലോകത്തെങ്ങും മതം, വംശം തുടങ്ങിയ സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ മര്‍ദ്ദകഭരണകൂടങ്ങളായി രംഗത്തുവരുന്നത് ആഗോളവല്ക്കരണകാലത്തെ പ്രത്യേകതയാണ്. പശ്ചിമേഷ്യയില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ബുദ്ധിസ്റ്റ് രാഷ്ട്രീയവും യൂറോപ്പിലും അമേരിക്കയിലും വംശീയാടിത്തറയുള്ള വലതുകക്ഷികളും ശക്തിപ്പെടുന്ന മട്ടില്‍ ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയസംഘടനയായ ബി.ജെ.പി അധികാരത്തില്‍ വന്നു.

ഇത് ജനങ്ങളുടെ മതബോധത്തിലോ ധര്‍മ്മബോധത്തിലോ അല്ലെങ്കില്‍ ദേശീയബോധത്തിലോ വന്ന എന്തെങ്കിലും ഗുണപരമായ മാറ്റം കൊണ്ടുണ്ടായതല്ല. പ്രസ്ഥാനപരമായ ഒരു ശ്യൂന്യത സൃഷ്ടിച്ച വിടവിലേക്ക് സമൂഹത്തിലെ പിന്തിരിപ്പന്‍ രാഷ്ട്രീയശക്തികള്‍ കയറിവരുന്ന ദൃശ്യമാണിപ്പോഴത്തേത്. 1930കളില്‍ യൂറോപ്പില്‍ തന്നെ നടമാടിയ ഫാസിസ്റ്റ്, നാസിസ്റ്റ് പ്രവണതകളെയാണ് ഇതു ഓര്‍മ്മിപ്പിക്കുന്നത്.

ഇത്തരം ഫാസിസ്റ്റ് ശക്തികള്‍ക്ക് ഭൂതകാലത്തോട് അടക്കാനാവാത്ത അഭിനിവേശമായിരിക്കും. പ്രത്യേകിച്ച് ഫ്രഞ്ച് വിപ്ലവത്തിന്റെ, അതായത്, 1792നു മുമ്പുള്ള കാലഘട്ടത്തിനോട്. ഏറ്റവും ഭയപ്പെടുന്നത്, ഭാവിയിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ലവത്തെയുമായിരിക്കും. നിലവിലെ ഉദാരജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും മൂല്യങ്ങളെ കാറ്റില്‍ പറത്തും. ആര്‍. ഹരി, നിലവിലെ പഠിപ്പ് വിസ്മരിപ്പിക്കണം എന്നു പറയുമ്പോള്‍, ഇത്തരത്തിലുള്ള ഫാസിസ്റ്റ് ഐഡിയോളജിയാണ് പുറത്തുവരുന്നത്.

എന്താണ് രാഷ്ട്രം?

അമിത് ഷാ ‘രാഷ്ട്രം’ എന്ന വാക്കിനെ സംബന്ധിച്ച് ദുരൂഹത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സത്യത്തില്‍, മനസ്സിലാക്കാന്‍ പ്രയാസമുള്ള അര്‍ത്ഥമൊന്നും ആ വാക്കിനില്ല. രണ്ടു രീതിയില്‍ ഈ വാക്കിനെ നമുക്ക് സമീപിക്കാം. ഒന്ന്, ആധുനികകാലഘട്ടം ഉല്പാദിപ്പിച്ച ദേശരാഷ്ട്രസങ്കല്പം വേദകാലഘട്ടത്തില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടോ എന്നതാണ്. രണ്ടാമത്, അക്കാലത്ത് ‘രാഷ്ട്രം’ എന്ന ശബ്ദത്തിന് എന്ത് അര്‍ത്ഥമാണ് ഉണ്ടായിരുന്നത് എന്നതാണ്.

ഇതില്‍ ആദ്യചോദ്യത്തിനുത്തരം ഇല്ല എന്നു തന്നെയാണ്. കാലിമേയ്ക്കല്‍ പ്രധാന ഉല്പാദനരീതിയായിരുന്ന പാസ്റ്റോറല്‍ ഗോത്രവര്‍ഗ്ഗാവസ്ഥയില്‍ നിന്ന് ഗ്രാമീണമായ സ്ഥിര കാര്‍ഷികസമ്പദ്ഘടനയിലേക്കും അതില്‍ നിന്ന് രാജാവിന്റെ കീഴിലുള്ള ഭരണവ്യവസ്ഥയിലേക്കും കടക്കുന്ന ഘട്ടത്തിലായിരുന്നു വേദകാലജനത. അത്തരമൊരു സമൂഹത്തിനു ആധുനിക നേഷന്‍-സ്റ്റേറ്റ് പോലുള്ള സങ്കല്പമുണ്ടാക്കുവാന്‍ സാധ്യമല്ല തന്നെ.

രണ്ടാമതായി, രാഷ്ട്രം എന്നതിന്റെ അക്കാലത്തെ അര്‍ത്ഥം, രാജാവുമായി ബന്ധപ്പെട്ടതാണ്. രാജാവിന്റെ അധികാരമേഖല, രാജത്വം എന്നെല്ലാമാണ് അതിന്റെ അര്‍ത്ഥം. ‘രജ്’ എന്ന ധാതുവാണ് അതിന്റെ മൂലം. പുരി അഥവാ നഗരപ്രദേശം രാജാവിന്റെ വാസസ്ഥലമാകുമ്പോള്‍, രാഷ്ട്രം രാജാവിന്റെ അധികാരമേഖലയാണ്. ധൃതരാഷ്ട്ര എന്ന വാക്കിന്റെ അര്‍ത്ഥം ‘നല്ല രാജാവ്’ എന്നാണ്.

ഇനി അഥവാ, രാഷ്ട്രം എന്നത്, ഇതിനും മീതെയുള്ള, ഒരു ദേശീയതാസങ്കല്പമാണെങ്കില്‍, അതിന്റെ ഉദ്ഭവവും ചരിത്രത്തിലെ അതിന്റെ ഗതിവിഗതികളും സാമൂഹ്യശാസ്ത്രപരമായി വിശദമാക്കേണ്ടതുണ്ട്. ഇത് സംഘപരിവാര്‍ സംഘടനകള്‍ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. വേദങ്ങളിലെ രാഷ്ട്രസങ്കല്പം അന്വേഷിക്കുന്ന പ്രക്രിയ ആരംഭിക്കുന്നത് ഇന്ത്യയുടെ ദേശീയനിര്‍ണ്ണയപ്രക്രിയ തുടങ്ങിയ കാലഘട്ടമായ ഒന്നാംലോകമഹായുദ്ധാനന്തരമാണ്.

മഹാരാഷ്ട്രയിലെ ശ്രീപാദ ദാമോദര്‍ സാത്വലേക്കര്‍ ആണ് ഈ ദിശയില്‍ ഉദ്യമം നടത്തിയത്. എന്തെങ്കിലും പുതിയ ശാസ്ത്രകണ്ടുപിടിത്തം നടന്നാല്‍ അത് തങ്ങളുടെ മതഗ്രന്ഥത്തില്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ് എന്നുപറയുന്ന മതപണ്ഡിതരുടെ മനോഭാവമാണ് ഇക്കാര്യത്തിലുമുള്ളത്. ദേശീയത ആധുനികമായ ആശയമാണെന്ന സംഗതിയെ ഇത് ഒന്നുകൂടി അറക്കിട്ടുറപ്പിക്കുന്നു.

ഋഷിമാര്‍ ലോകകല്യാണകാരകമായി തപസ്സുചെയ്തതിനാല്‍ രാഷ്ട്രം ഉദ്ഭവിച്ചു എന്നാണ് ആര്‍ത. ഹരി പറയുന്നത്. ബുദ്ധന്‍ ധ്യാനത്തിലിരുന്ന് സത്യം കണ്ടെത്തി എന്നു പറയുന്നതുപോലെയാണ് ഇതും എന്നും ആര്‍. ഹരി പറയുന്നു. ഇങ്ങനെ പറയാനുള്ള അവകാശം ആര്‍. ഹരിക്ക് തീര്‍ച്ചയായുമുണ്ട്. പക്ഷെ, സാമൂഹ്യശാസ്ത്രങ്ങള്‍ ഇതു അംഗീകരിക്കണമെന്ന് അദ്ദേഹത്തിനു വാശി പിടിക്കാനാവില്ല. പാഠപുസ്തകങ്ങളില്‍ ഈ വസ്തുത ഉള്‍പ്പെടുത്തണമെന്നും അദ്ദേഹത്തിനു ആവശ്യപ്പെടാനാകില്ല. ശാഖകളില്‍ ബൗദ്ധിക് പ്രഭാഷണങ്ങളില്‍ പറയാമെന്നുമാത്രം.

രാഷ്ടത്തിന്റെ ഉദ്ഭവത്തെ കുറിച്ച് ശ്രീപാദ ദാമോദര്‍ സാത്വലേക്കര്‍ പടച്ചുവിട്ട വ്യാഖ്യാനങ്ങളാണ് ആര്‍. ഹരിയും പിന്തുടരുന്നത്. സംസ്‌കൃതത്തില്‍ വിഭക്തിപ്രത്യയങ്ങള്‍ കുറവായി ഉപയോഗിക്കുന്നതിനാല്‍ അതിനെ ഏതുരീതിയിലും വ്യാഖ്യാനിക്കാമെന്ന സൗകര്യമുണ്ടല്ലോ. രാഷ്ട്രത്തിന്റെ ഉല്ഭവത്തെ പരാമര്‍ശിക്കുന്ന വേദമന്ത്രമായി സാത്വലേക്കര്‍ ചൂണ്ടിക്കാണിക്കുന്ന ശ്‌ളോകം ഇതാണ് :

ഭദ്രം ഇച്ഛന്ത ഋഷയഃ സ്വര്‍വിദഃ
തപോ ദീക്ഷാം ഉപസേദുഃ അഗ്രേ
തതോ രാഷ്ട്രം ബലം ഓജശ്ച ജാതം
തദസ്മൈ ദേവോ: ഉപസംനമന്തു
(അഥര്‍വം – 19 – 41 – 1)

ഈ ശ്‌ളോകത്തിനു Ralph T H Griffith, ‘Hymns of Atharva Veda’ എന്ന കൃതിയില്‍ കൊടുത്ത തര്‍ജുമ ഇന്റര്‍നെറ്റില്‍ ലഭ്യമാണ് *4. അത് ഇവിടെ പകര്‍ത്തട്ടെ:

HYMN XLI
A benediction on a newly elected king

Desiring bliss, at first, light-finding Rishis began religious rite
and holy fervour.
Thence energy was born, and might, and kingship: os to this
man let gathered Gods incline them.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാജാവിനുള്ള ആശിര്‍വാദമാണിതെന്ന് ശ്ലോകത്തിന്റെ തലവാചകം സൂചിപ്പിക്കുന്നു. ‘അനുഗ്രഹം / ഭദ്രത ആഗ്രഹിച്ചുകൊണ്ട് ജ്ഞാനികളായ ഋഷിമാര്‍ ആദ്യമായി തപസ്സും ദീക്ഷയും ആരംഭിച്ചു. അപ്പോള്‍ ബലവും ഓജസും രാഷ്ട്രവും (രാജത്വം) ജനിച്ചു. ഈ ആളിലേക്ക്, കൂടിയിരിക്കുന്ന ദൈവങ്ങള്‍ അവ ചൊരിഞ്ഞാലും’ എന്നാണ് ഈ ഇംഗ്ലീഷ് തര്‍ജമയുടെ അര്‍ത്ഥം. വേദശൈലി പരിഗണിക്കുമ്പോള്‍ അംഗീകരിക്കാവുന്ന തര്‍ജമ ഇതാണ്.

എന്നാല്‍ ആര്‍. ഹരിയുടെ വിവര്‍ത്തനപുസ്തകത്തില്‍ ഈ ശ്ലോകത്തിനു കൊടുത്തിരിക്കുന്ന അര്‍ത്ഥം ഇങ്ങനെയാണ്:
‘ആത്മജ്ഞാനികളായ ഋഷിമാര്‍ വിശ്വമംഗളം കാംക്ഷിച്ചുകൊണ്ട് തുടക്കംതൊട്ട് ദീക്ഷ സ്വീകരിച്ചു തപസ്സനുഷ്ഠിച്ചു. അതില്‍നിന്നു രാഷ്ട്രമുണ്ടായി, രാഷ്ട്രത്തില്‍ ബലവും ഓജസ്സുമുണ്ടായി. അതുകൊണ്ട് ബോധവാന്മാരായ സര്‍വ്വരും രാഷ്ട്രത്തിനുമുമ്പില്‍ നമിക്കുക. അതിനെ സേവിക്കുക.’

സാത്വലേക്കറുടെ ഹിന്ദി മൂലകൃതിയില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു വാക്ക് ആര്‍. ഹരി ഒഴിവാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഋഷിജനങ്ങള്‍ ജഗത്തിന്റെ പ്രാരംഭം മുതല്‍ , സൃഷ്ടിയുടെ പ്രാരംഭം മുതല്‍ തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി എന്നാണ് സാത്വലേക്കര്‍ പറയുന്നത്. ആര്‍. ഹരി ഇവിടെ ‘തുടക്കം തൊട്ട്’ എന്നുമാത്രമേ പരാമര്‍ശിക്കുന്നുള്ളൂ.

‘ജഗതിന്റെ ആരംഭം മുതലേയുള്ള ഋഷിജനങ്ങള്‍’ എന്നെല്ലാം പറഞ്ഞാല്‍ ഇന്ന് അല്പമെങ്കിലും ചരിത്രബോധമുള്ള ആളുകള്‍ക്ക് അംഗീകരിക്കാനാവില്ല എന്ന തിരിച്ചറിവ് ആര്‍. ഹരിക്കുണ്ട്. എങ്കിലും ഒരു പരിഭാഷകന് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന ധാര്‍മ്മികമായ ചോദ്യം ഉയരുന്നുണ്ട്. കാരണം ഒരു വാക്കു മാറ്റുന്നതുകൊണ്ടുള്ള അര്‍ത്ഥവ്യത്യാസം വലുതാണ്. തങ്ങളുടെ ബോധതലം വെച്ചാണ് ഓരോരുത്തരും ഭൂതകാലത്തെ അളക്കുന്നത് എന്നതിനു ഇതില്‍പരം തെളിവുവേണോ?

ആര്‍. ഹരി തന്റെ പ്രഭാഷണത്തില്‍ തുടര്‍ന്ന് അഥര്‍വവേദത്തിലെ 63 പൃഥ്വി സൂക്തങ്ങളെക്കുറിച്ചാണ് പറയുന്നത്. സത്യത്തില്‍ വേദകാലത്തെ ഭൂസങ്കല്പങ്ങള്‍ക്ക് ദേശീയത, രാഷ്ട്രം, രാജ്യം എന്നിവയുമായൊന്നും ഒരു ബന്ധവുമില്ല. ഏറ്റവും ആദ്യകാല കാര്‍ഷികസമൂഹങ്ങളില്‍ വ്യാപകമായിരുന്ന ഭൂമി ആരാധന അന്നത്തെ പ്രപഞ്ചബോധവുമായി ബന്ധപ്പെട്ട ഒന്നാണ്. എന്നാല്‍, വ്യാഖ്യാനഫാക്ടറി പ്രവര്‍ത്തിപ്പിച്ച് ഈ ഭൂമിയെ രാഷ്ട്രവുമായി ബന്ധിപ്പിക്കുകയും ഭൂമിയുമായി ബന്ധപ്പെട്ടതൊക്കെ രാഷ്ട്രത്തിനും ബാധകമാക്കുകയാണ്.

ഇന്ത്യയുടെ ഭൂതവും ഭാവിയും

ഇന്ത്യയില്‍ ദേശീയതയെക്കുറിച്ച് ചര്‍ച്ച രൂക്ഷമാകുന്നത് 1910ഓടുകൂടിയാണെന്ന് സുചിപ്പിച്ചുവല്ലോ. അക്കാലത്ത് ദേശീയതയുടെ അടിത്തറ എന്തെന്നുള്ള ചോദ്യം വൈദികപാരമ്പര്യത്തിലുള്ള ബുദ്ധിജീവികളെയും മഥിച്ചിരുന്നു. ഹിന്ദുമതം, ഹിന്ദുധര്‍മ്മം, ഹിന്ദു സംസ്‌കാരം എന്നെല്ലാം വിവക്ഷിക്കപ്പെടുന്നതാണ് ദേശീയതയുടെ അടിത്തറയെന്ന് കരുതുന്നതിലേക്കാണ് ഈ ബുദ്ധിജീവികള്‍ എത്തപ്പെട്ടത്. ഈ ധര്‍മ്മത്തെയും സംസ്‌ക്കാരത്തെയും ‘അസ്മിത’യെയും ഉള്‍ക്കൊള്ളുന്ന ജനങ്ങളാണ് ദേശീയജനവിഭാഗമെന്നും സങ്കല്പിക്കപ്പെട്ടു.

ഭൂതകാലത്തോട് റൊമാന്റിക്കായ, യാഥാര്‍ത്ഥ്യബോധമില്ലാത്തെ സമീപനമാണ് ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഭൂതകാലത്തെ വീണ്ടും വീണ്ടും ജീവിച്ചുകൊണ്ടല്ല അതിനോടുള്ള നമ്മുടെ സ്‌നേഹം വെളിപ്പെടുത്തേണ്ടത്. ഭാവിയിലേക്ക് കുതിക്കുന്നതിന്റെ ഊര്‍ജ്ജമായി ഭൂതകാലത്തെക്കുറിച്ചുള്ള യഥാവിഥമായ അറിവു നേടുകയാണ് ചെയ്യേണ്ടത്.

ലോകത്തിനു മുഴുവന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തനപഥം ഒരുക്കേണ്ടുന്ന ചരിത്രകാലഘമാണ് ഇപ്പോള്‍ ഇന്ത്യന്‍ ജനതയ്ക്ക് മുമ്പിലുള്ളത്. കാരണം ആഗോളവല്‍ക്കരണകാലഘട്ടത്തിനു ശേഷമുള്ള ലോകം ഇന്നു വഴി കാണാതെ ഇരുട്ടില്‍ തപ്പുകയാണ്. ‘ഇന്ത്യന്‍ ഐഡിയോളജി’യും മുന്നോട്ടുള്ള വഴി തേടുന്നു. ഈ ഘട്ടത്തില്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രസങ്കല്പം ഈ പുതുവഴി വെട്ടുന്നതിന് തടസ്സമാണെന്ന് മാത്രം പറയുന്നു.

സൂചിക:

(http://www.thehindu.com/news/national/Whole-country-is-with-us-on-nationalism-claims-Amit-Shah/article14222606.ece)
The Indian Ideology , Perry Anderson, Verso, London, New York, 2013
http://www.sacred-texts.com/hin/av/av19041.htm
വേദവിചിന്തനം വേദങ്ങളില്‍ – ശ്രീപാദ ദാമോദര്‍ സാത്‌വലേക്കര്‍ , പരിഭാഷ: ആര്‍ ഹരി, കുരുക്ഷേത്ര പ്രകാശന്‍,, കൊച്ചി.  2013 P. 67.