തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ ധനമന്ത്രിയ്ക്ക് മാത്രം ഉത്തരവാദിത്വമില്ലെന്നു പറയുന്നത് വിവരമില്ലായ്മയാണെന്ന് ടി.എച്ച് മുസ്തഫ. ഇന്ത്യാവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാമൊലിന്‍ കേസില്‍ തനിക്കും ഉമ്മന്‍ ചാണ്ടിക്കും തുല്യ പങ്കാളിത്തമാണുള്ളത്. ഭക്ഷ്യവകുപ്പിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം ധനമന്ത്രിയ്ക്കും ധനകാര്യവകുപ്പിനുമാണ്. ഇതറിഞ്ഞിട്ടും തനിക്ക് യാതൊരു ഉത്തരവാദിത്വമില്ലെന്നും കേന്ദ്രമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കുമാണ് ഉത്തരവാദിത്വം എന്നും പറയുന്നത് വിവരമില്ലായ്മയാണെന്ന് ടി എച്ച് മുസ്തഫ പറഞ്ഞു.

നല്ലതു ചെയ്താലും ചീത്ത ചെയ്താലും പേരുദോഷമുണ്ടാകും. അതുകൊണ്ട് മണ്ടനായി നില്‍ക്കുന്നതാണ് നല്ലതെന്നു തോന്നി. ഇറക്കുമതി സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാതെ താന്‍ ഒപ്പിട്ടുകൊടുത്തതിനു താഴെ ഉമ്മന്‍ ചാണ്ടി ഒപ്പിടുകയാണ് ചെയ്തത്.

ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവ് കുറ്റപത്രത്തിന് സമാനമാണ്. ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് അവകാശമില്ല. അന്വേഷണത്തെ തള്ളുകയോ സ്വീകരിക്കുകയോ അല്ലാതെ കുറ്റപത്രത്തിന് സമാനമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരമില്ല. ഇടപാടുമായി ബന്ധപ്പെട്ട് ആദ്യമേ സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് ഫയലുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാതെ ക്യാബിനറ്റിന് അയച്ചത്.

രാഷ്ട്രീയ സമ്മര്‍ദ്ദംമൂലമാണ് താന്‍ പ്രതി ചേര്‍ക്കപ്പെട്ടത്. താന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റു മന്ത്രിസഭാംഗങ്ങളെയും പ്രതി ചേര്‍ക്കണം. നിയമപരമായി നടക്കുമോയെന്നറിയില്ല. ഇല്ലെങ്കില്‍ സാക്ഷികളെങ്കിലുമാകണം. കരുണാകരനോട് അടുപ്പമുള്ള എം.പി നായനാരോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിയാക്കപ്പെട്ടതെന്നും ടി. എച്ച് മുസ്തഫ പറഞ്ഞു.