വയനാട്: വയനാട്ടിലെ നിയമനത്തട്ടിപ്പില്‍ താന്‍ നിരപരാധിയാണെന്ന് മുന്‍ കലക്ടര്‍ ടി ഭാസ്‌കരന്‍.കലക്ടറായിരിക്കെ കൃത്യവിലോപം കാണിച്ചിട്ടില്ല. സത്യസന്ധമായി കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിച്ചത്.

റവന്യൂവകുപ്പിലെ നിയമനങ്ങള്‍ പരിശോധിക്കുന്നത് ഹുസൂര്‍ ശിരസ്തദാറാണ്. ഒരു കലക്ടര്‍ക്ക് എത്ര ഫയല്‍ നോക്കുവാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. എല്‍.ഡി ക്ലര്‍ക്ക് നിമനത്തില്‍ ആസൂത്രിതമായ ക്രമക്കേട് നടന്നിട്ടുണ്ട്. അതുകൊണ്ടാണ് ആ ഫയലുകള്‍ കലക്ടറേറ്റില്‍ നിന്ന് അപ്രത്യക്ഷമായത്.

സുതാര്യ കേരളം പരിപാടിയില്‍ ഈ തട്ടിപ്പിനെക്കുറിച്ചുള്ള പരാതി വന്നിട്ടില്ലായിരുന്നു. വികലാംഗ ക്വാട്ടയില്‍ നടന്ന നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതി വന്നത്. ഇത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ആറു പേര്‍ വ്യാജ നിയമനത്തില്‍ ജോലി നേടിയെന്ന് പി.എസ്.സി തന്നെയാണ് ഞങ്ങളെ അറിയിച്ചത്.

താന്‍ നിരപരാധിയാണെന്ന് വയനാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാമെന്ന് ഭാസ്‌കരന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ സസ്‌പെന്റ് ചെയ്യപ്പെട്ടതോടെ ഞാന്‍ തട്ടിപ്പില്‍ പങ്കെടുത്തയാളാണെന്ന് ആളുകള്‍ക്ക് തോന്നും. അന്വേഷണം നടത്തി കുറ്റവാളിയാണെങ്കില്‍ തന്നെ പിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.