Categories

ടി.ഭാസ്‌കരനെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: മുന്‍ വയനാട് ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരനെ സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൃത്യ നിര്‍വ്വഹണത്തില്‍ കുറ്റകരമായ അനാസ്ഥയും ഗുരുതരമായ വീഴ്ചയും വരുത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് നടപടിയെന്ന് മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് സുതാര്യ കേരളത്തിന് ലഭിച്ച പരാതി വയനാട് കലക്ടര്‍ ഗൗരവമായെടുത്തില്ല. വ്യാജമായി ജോലി സമ്പാദിച്ചവരെ പോലീസ് വെരിഫിക്കേഷന്‍ പോലും കൂടാതെ കലക്ടര്‍ നിയമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമന തട്ടിപ്പ് അന്വേഷിക്കാന്‍ എ.ഡി.ജി.പി െ്രെകംബ്രാഞ്ച് വിന്‍സന്റ് പോളിന്റെ നേതൃത്വലുള്ള കമ്മീഷനെ ചുമതലപ്പെടുത്തി. ജീവനക്കാരുടെ അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സിനെയും ചുമതലപ്പെടുത്തി. കഴിഞ്ഞ പത്തുകൊല്ലത്തിനിടയില്‍ എല്ലാ വകുപ്പികളിലും നടന്ന നിയമനങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. പി.എസ്.സി നിയമനം റെഗുലറൈസ് ചെയ്യുന്നതിന് മുമ്പ് പി.എസ്.സി വെരിഫിക്കേഷന്‍ വിങ് രൂപീകരിക്കാന്‍ നിര്‍ദേശിക്കാനും തീരുമാനമായി.

നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാസ്‌കരനെ കലക്ടര്‍ സ്ഥാനത്തുനിന്ന് ഇന്നലെ മാറ്റിയിരുന്നു. ഇക്കാര്യത്തില്‍ കലക്ടര്‍ക്ക് വീഴ്ച പറ്റിയതായി ലാന്റ് റവന്യൂ കമ്മീഷണര്‍ കെ.ആര്‍ മുരളീധരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

അതേസമയം കലക്ടര്‍ക്കെതിരെയുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. വയനാട് ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ജില്ലാകലക്ടര്‍ സി.പി.ഐ.എമ്മിന് അനഭിമതനായിരുന്നു. എന്നാല്‍ അന്ന് സി.പി.ഐയുടെ പിന്തുണയോടെയാണ് കലക്ടര്‍ തുടര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ സി.പി.ഐ പ്രതിരോധത്തിലായ സമയം നോക്കി സി.പി.ഐ.എം തങ്ങളുടെ ആവശ്യം നടപ്പാക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. പുതുതായി വയനാട് കലക്ടറായി ചുമതലയേറ്റ സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയരക്ടര്‍ വി രതീശന്‍ സി.പി.ഐ.എം ഔദ്യോഗിക പക്ഷവുമായി ഏറെ അടുപ്പമുള്ളയാളാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.