തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്ത സ്വകാര്യ പദ്ധതിക്കുവേണ്ടി കേന്ദ്രസര്‍ക്കാറിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ വ്യവാസായ സെക്രട്ടറി ടി ബാലകൃഷ്ണന്റെ നിലപാട് വിവാദമാകുന്നു. കൊച്ചിയിലെ ആകാശനഗരം(sky city) പദ്ധതിക്കുവേണ്ടിയാണ് ടി. ബാലകൃഷ്ണന്‍ കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്.

സര്‍ക്കാറിന് അനുകൂല നിലപാടില്ലാത്ത പദ്ധതി ടൂറിസം, വാണിജ്യമേഖലയില്‍ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തെ ബാലകൃഷ്ണന്‍ അറിയിച്ചത്.

നേരത്തെ ടി ബാലകൃഷ്ണന്‍ പ്ലാച്ചിമട കൊക്കകോള കമ്പനിക്ക് അനുകൂലമായി പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിയെ രക്ഷിക്കാനാകാത്തതില്‍ ദു:ഖമുണ്ടെന്നും പുതുശ്ശേരിയിലെ പെപ്‌സി ഫാക്ടറി പൂട്ടാതിരുന്നത് വ്യവസായ വകുപ്പിന്റെ സമയത്തുള്ള ഇടപെടല്‍ മൂലമാണെന്നുമായിരുന്നു ടി.ബാലകൃഷ്ണന്‍ പറഞ്ഞത്.

കൊക്കകോള ഫാക്ടറി പൂട്ടിയതു വഴി ഒട്ടേറെ തൊഴിലവസരങ്ങളാണ് ഇല്ലാതായതെന്നും നികുതിയിനത്തില്‍ മാത്രം 500 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നഷ്ടമായെന്നും പറഞ്ഞ ബാലകൃഷ്ണന്‍ മറ്റ് 13 സംസ്ഥാനങ്ങളിലും കൊക്കകോളയ്ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ ഇതെക്കുറിച്ച് അന്വേഷിച്ച ചീഫ്‌സെക്രട്ടറി ബാലകൃഷ്ണനെതിരെ നടപടി ആവശ്യമില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.

നേരത്തെ ഭൂപരിഷ്‌കരണത്തെക്കുറിച്ച് ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.