ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കോണ്‍ഗ്രസ് നേതാക്കളും വന്നു കണ്ടുവെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി ആരിഫലി. കോണ്‍ഗ്രസ് നേതാക്കളും ചില ഘടകകക്ഷി നേതാക്കളും ഇത്തരത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എം.ഐ ഷാനവാസാണ് ചര്‍ച്ചക്കെത്തിയത്.

പിന്തുണ തേടി കോണ്‍ഗ്രസും വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി എല്‍.ഡി.എഫിനെ പിന്തുണക്കുന്നത് സംബന്ധിച്ച് വിവാദമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. കിനാലൂര്‍ സംഭവത്തെ തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദ സംഘടന എന്നു സി.പി.ഐ.എം വിശേഷിപ്പിച്ചത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒരിക്കല്‍ എതിര്‍ത്ത സംഘടനയുമായി പിന്നീടൊരിക്കലും ബന്ധം പാടില്ലെന്നല്ല സംഘടനയുടെ നിലപാടെന്ന് അമീര്‍ വ്യക്തമാക്കി. ഇത് ജനാധിപത്യ രീതിയില്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തെ പിന്തുണക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംഘടനയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ രാജിവെച്ചതോടെയാണ് പുതിയ വിവാദം ഉടലെടുത്തത്. ജമാഅത്തെ ഇസ്‌ലാമി സി.പി.ഐ.എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയ കാര്യം സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ് ലാമി നേതാക്കള്‍ ഇങ്ങോട്ട് വന്ന് ചര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് പിണറായി വ്യക്തമാക്കിയത്.