തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാന്‍ മുന്നണികളും രാഷ്ട്രീയപാര്‍ട്ടികളും തയ്യാറാകണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണം. ഭരിക്കുന്നവര്‍ ആരായാലും സമ്പൂര്‍ണ്ണ മദ്യനിരോധനം ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പൂര്‍ണ്ണമദ്യനിരോധനം ആവശ്യപ്പെട്ട് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം.

മുഴുവന്‍ അക്രമങ്ങളുടെയും അനാചാരങ്ങളുടെയും ഉത്ഭവം മദ്യത്തില്‍ നിന്നാണ്. മദ്യവില്‍പ്പ വര്‍ധിക്കുന്നുവെന്ന വാര്‍ത്തകള്‍ ആശങ്കജനകമാണ്. മദ്യവില്‍പ്പനയിലൂടെ സര്‍ക്കാര്‍ ലാഭം കാണുകയല്ല വേണ്ടത്. മദ്യം വരുത്തുന്ന ദുരിതങ്ങള്‍ക്ക് സര്‍ക്കാര്‍ ചിലവഴിക്കുന്ന പണവുമായി തട്ടിച്ച് നോക്കിയാല്‍ ലാഭത്തേക്കാള്‍ വലിയ നഷ്ടമുണ്ടാകുന്നുവെന്ന് ബോധ്യപ്പെടും. വര്‍ധിച്ചുവരുന്ന മാരകരോഗങ്ങളില്‍ ഏറിയപങ്കും മദ്യവും മയക്കുമരുന്നുകളുടെയും ഉപയോഗം മൂലമാണ് ഉണ്ടാകുന്നതെന്ന് വിവിധപഠനങ്ങള്‍ തെളിയിച്ച് കഴിഞ്ഞു.

ഇതെല്ലാം കണക്കിലെടുത്ത് മദ്യഷാപ്പുകള്‍ പൂര്‍ണ്ണമായി അടച്ച്പൂട്ടാന്‍ സര്‍ക്കാര്‍ തയാറാകണം. മിഠായിയുടെ രൂപത്തില്‍ സ്‌കൂളുകള്‍ക്ക് മുന്നിലെ കടകളില്‍ പ്രത്യക്ഷപ്പെടുന്ന ലഹരി വസ്തുക്കള്‍ തടയണം. ചെറിയ കുട്ടികളെ പോലും മദ്യപാനികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉത്പന്നങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നത്. ബുദ്ധി തന്നെ നശിപ്പിച്ച് മൃഗ തുല്ല്യമാക്കുന്ന മദ്യം മനുഷ്യന്റെ ജന്മശത്രുവാണ്. ജാതി മത കക്ഷി-രാഷ്ട്രീയ ഭേദമന്യേ സര്‍വ്വരും ഇതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

സംസ്ഥാന നേതാക്കളായ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സെയ്തലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മജീദ് കക്കാട്, എ സൈഫുദ്ദീന്‍ ഹാജി, മുഹമ്മദ് പറവൂര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.