എഡിറ്റര്‍
എഡിറ്റര്‍
പട്ടുവത്ത് എസ്.വൈ.എസ് പ്രവര്‍ത്തകനെ ലീഗുകാര്‍ വെട്ടി
എഡിറ്റര്‍
Thursday 10th May 2012 12:57am

തളിപ്പറമ്പ്:  പട്ടുവം വെള്ളിക്കീലില്‍ എസ്.വൈ.എസ് പ്രവര്‍ത്തകനെ മുസ്‌ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വെട്ടിപരിക്കേല്‍പ്പിച്ചു. ദുബായ് ഐ.സി.എഫ് പ്രവര്‍ത്തകനും വെള്ളിക്കീല്‍ മുസ് ലീം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും എസ്.വൈ.എസ് മെമ്പറുമായ പി.പി. മുഹമ്മദ് ബഷീറാണ് ക്രൂരമായ അക്രമത്തിനിരയായത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ഇതിന് പിന്നാലെ ഇന്നലെ വൈകുന്നേരം എസ്.എസ്.എഫ്,  എസ്.വൈ.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിയുകയും ചെയ്തു.

ഇന്നലെ രാവിലെ വീട്ടിലെ കിണര്‍ പണിക്ക് ജോലിക്കാരെ തേടി ഇറങ്ങിയ ബഷീറിനെ വെള്ളിക്കീലില്‍ ലീഗിന്റെ നിയന്ത്രണത്തിലുള്ള പള്ളിക്കടുത്ത് വെച്ച് എട്ടോളം വരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. വടി, സൈക്കിള്‍ ചെയിന്‍ തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച് വലതുകൈ അടിച്ചു തകര്‍ക്കുകയും പുറത്തും നെഞ്ചിനും സൈക്കിള്‍ ചെയിന്‍ കൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിക്കീലിലെ യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരായ റഷീദ്, ഫൈസല്‍, ഹബീബ്, ശബീര്‍, ഹമീദ് തുടങ്ങി എട്ടോളം വരുന്ന സംഘമാണ് അക്രമിച്ചതെന്ന് ബഷീര്‍ പറഞ്ഞു. അതിനിടെ വൈകീട്ട് വെള്ളിക്കീല്‍ സുന്നി സെന്ററില്‍ നിന്ന് നിസ്‌കരിച്ച് ഇറങ്ങിയ സുന്നി പ്രവര്‍ത്തകര്‍ക്കുനേരെ ബോംബേറും കല്ലേറുമുണ്ടായി.  ബോംബേറില്‍ വെള്ളിക്കൂലിലെ കെ.അബൂബക്കര്‍ മൗലവിക്ക് തലക്ക് ആഴത്തില്‍ മുറിവേറ്റു. നാസര്‍ മൗലവി, കെ. മുനീര്‍, അബ്ദുല്‍ബാരി കയ്യം എന്നിവര്‍ക്കും പരിക്കേറ്റു.

Malayalam news

Kerala news in English

Advertisement