ന്യൂയോര്‍ക്ക്: സിറിയയിലെ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യു.എന്‍ അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

Ads By Google

സിറിയയിലെ കലാപം അത്യന്തം ആപത്കരമാണ്. അത് അവസാനിപ്പിക്കാന്‍ ആ മേഖലയിലെ രാജ്യങ്ങള്‍ പ്രധാനമായും പരിശ്രമിക്കേണ്ടതുണ്ട്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്ന ചില രാജ്യങ്ങളുടെ നടപടി പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

ഒന്നര വര്‍ഷത്തോളമായി തുടരുന്ന സിറിയന്‍ കലാപം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ യു.എന്‍ പൊതുസഭ സമ്മേളിച്ചപ്പോഴാണ് മൂണ്‍ എല്ലാവരുടെയും ഭാഗത്തു നിന്ന് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടത്.

2011 മാര്‍ച്ചിലാണ് സിറിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സിറിയയുടെ വിവിധ മേഖലകളില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യവും വിമത പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒട്ടേറെ സാധാരണ ജനങ്ങളും കൊല്ലപ്പെടുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനുളളില്‍ ഒരുലക്ഷത്തിലധികം ആളുകളാണ് സിറിയയില്‍ നിന്നും പാലായനം ചെയ്തത്.