ദമസ്‌കസ്: സിറിയയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 62 സമരഭടന്‍മാര്‍ കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘം ആരോപിച്ചു. ഏപ്രില്‍ 20-ന് ദെറാ, റുസ്ത്തൂണ്‍, ലദ്ദിഖിയ, ഹോംസ്, ഖദ്ദാം എന്നീ നഗരങ്ങളില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്കുനേരെയാണ് സൈന്യം നിറയൊഴിച്ചതും അതില്‍ 62 പേര്‍ കൊല്ലപ്പെട്ടതും. സിറിയയിലെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിരീക്ഷണസംഘവും ഈ കണക്ക് ശരിവെക്കുന്നു.

Subscribe Us:

ഏപ്രില്‍ 29 വെള്ളിയാഴ്ച പതിനായിരങ്ങള്‍ പങ്കെടുത്തുകൊണ്ട് നടന്ന പ്രതിഷേധപ്രകടനത്തെ സമരക്കാര്‍ ‘രോഷപൂര്‍വ്വമായ വെള്ളിയാഴ്ച’യെന്നാണ് വിശേഷിപ്പിച്ചത്. സിറിയയില്‍ നാളുകളായി നടന്നുവരുന്ന സമരത്തന് ഇത് പുതിയൊരു രൂപം നല്‍കുമെന്ന് കരുതപ്പെടുന്നു.

സിറിയയില്‍ നടക്കുന്ന സമാധാനസമരങ്ങള്‍ക്കുനേരെ ഭരണകൂടം നടത്തുന്ന ക്രൂരമായ അടിച്ചമര്‍ത്തലിനെ ഐക്യരാഷ്ട്ര സംഘടന അതിനിശിതമായി അപലപിച്ചിട്ടുണ്ട്. ചികിത്സാ സൗകര്യം പോലും നിഷേധിച്ചുകൊണ്ട് സിറിയന്‍ അധികാരികള്‍ നടത്തുന്ന അടിച്ചമര്‍ത്തല്‍ നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഈജിപ്തിലെ ഹുസ്‌നി മുബാറക്കിനെ അട്ടിമറിച്ചുകൊണ്ട് ആരംഭിച്ച് അറബ് ലോകം മുഴുവന്‍ വ്യാപിച്ച ‘മുല്ലപ്പൂ’ കലാപം ലോകത്തിലെ ഏകാധിപതികളുടെ സിംഹാസനങ്ങളെ ഇളക്കിമറിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് സിറിയയിലെ ഭരണാധികാരിയായ ബഷര്‍ അല്‍-അസദിനെതിരെ ആരോപണമുയര്‍ന്നത്.