ദമസ്‌കസ്: സിറിയയില്‍ രക്തരൂക്ഷിതമായ റംസാന്‍ വ്രതാരംഭം. ഭരണവിരുദ്ധ വികാരം ആളിപ്പടരുന്ന സിറിയയില്‍ സൈന്യം പ്രക്ഷോഭകര്‍ക്ക് നേരെ വെവെച്ചു. സംഭത്തില്‍ നൂറ്റി ഇരുപതോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ മധ്യസിറിയയിലെ ഹമാ നഗരത്തില്‍ പ്രവേശിച്ച സൈന്യം 95 സാധാരണക്കാരെ വെടിവച്ചുകൊന്നതായി മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു.

കിഴക്കന്‍ നഗരമായ ദേര്‍ എസോറിലും ദക്ഷിണ ദേരാ മേഖലയിലെ ഹരാകിലും നിരവധിയാളുകള്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രാജ്യത്താകെ നൂറ്റിയിരുപതോളം പേര്‍ കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്. നൂറുകണക്കിനുപേര്‍ക്കു പരുക്കേറ്റു.

കഴിഞ്ഞ മാര്‍ച്ചില്‍ ഭരണവിരുദ്ധപ്രക്ഷോഭം തുടങ്ങിയശേഷം സിറിയയില്‍ ആയിരത്തഞ്ഞൂറിലധികം സാധാരണക്കാരും 360 സൈനികരും കൊല്ലപ്പെട്ടു. 12,000 പേര്‍ അറസ്റ്റിലായി. ആയിരക്കണക്കിനുപേര്‍ പലായനം ചെയ്തിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാറിന്റെ ഉരുക്കുമുഷ്ടിക്ക് മുമ്പില്‍ കീഴടങ്ങില്ലെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും പ്രക്ഷോഭകാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.