ഡമാസ്‌കസ്: സിറിയയില്‍ വിമതര്‍ നടത്തിയ റാലികള്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ കുറഞ്ഞത് 32 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ ഡമാസ്‌കസ്, ദേരാ, ഇഡ്‌ലിബ്, ഹോംസ്, ഹമാ എന്നീ നഗരങ്ങളിലാണ് കഴിഞ്ഞദിവസം ലക്ഷകണക്കിനാളുകള്‍ അണിനിരന്ന സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ നടന്നത്. ജനാധിപത്യവാദികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണു രാജ്യമെങ്ങും പ്രകടനങ്ങള്‍ നടത്തിയത്. തലസ്ഥാനമായ ഡമാസ്‌കസില്‍ മാത്രം 23 പേര്‍ കൊല്ലപ്പെട്ടു.

11 വര്‍ഷമായി തുടരുന്ന പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന്റെ സ്വാച്ഛാധിപത്യ ഭരണത്തിനെതിരെ കഴിഞ്ഞ നാലു മാസമായി നടന്നു വരുന്ന പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്ന കാഴ്ചയാണ് സിറിയയില്‍ കാണുന്നത്. ദിവസവും നൂറ്കണക്കിന് പ്രക്ഷോഭങ്ങളാണ് തെരുവുകളിലേക്കിറങ്ങുന്നത്. പ്രക്ഷോഭങ്ങളിലായി ഇതുവരെ 1400ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്നാണു മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. എന്നാല്‍ സായുധരായ അക്രമികളാണു ജനങ്ങളെ ആക്രമിക്കുന്നതെന്നാണു സിറിയന്‍ സര്‍ക്കാര്‍ പറയുന്നത്. സിറിയയിലെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ശക്തികള്‍ ഇടപെടുന്നതായും സിറിയന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. സൈന്യത്തിന്റെ നടപടിയെ അമേരിക്കയും, ഫ്രാന്‍സും, തുര്‍ക്കിയുമടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ശക്തമായി അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്.